ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ റവ.ഫാ. തോമസ് കുര്യന്‍ അച്ചന് യാത്രയയപ്പ് നല്‍കി
Tuesday, December 23, 2014 4:54 AM IST
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിപ്പോകുന്ന വികാരി റവ. ഫാ. തോമസ് കുര്യന്‍ അച്ചന് ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഡിസംബര്‍ 17-ന് നടത്തപ്പെട്ട എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ പ്രത്യേക യോഗത്തില്‍ കൌണ്‍സില്‍ വൈസ് പ്രസിഡന്റ് റവ. ബിനോയി പി. ജേക്കബ് അധ്യക്ഷത വഹിച്ചു.

അംഗസഭകളെ പ്രതിനിധീകരിച്ച് റവ. ഡാനിയേല്‍ തോമസ് (മാര്‍ത്തോമാ ചര്‍ച്ച്), റവ.ഫാ. മാത്യു ജോര്‍ജ് (ഓര്‍ത്തഡോക്സ് ചര്‍ച്ച്), പ്രേംജിത്ത് വില്യംസ് (സിഎസ്ഐ), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ അച്ചന്റെ എക്യൂമെനിക്കല്‍ കൌണ്‍സിലിലെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. കൌണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ വല്ലയില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ വക ഉപഹാരം നല്‍കി.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ നല്‍കിയ അവസരത്തിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് ആരംഭിച്ച അച്ചന്റെ മറുപടി പ്രസംഗത്തില്‍ എക്യൂമെനിക്കല്‍ കൌണ്‍സിലിലെ എല്ലാ അംഗങ്ങളോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചു. കഴിഞ്ഞ കാലങ്ങളിലെ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിലെ അംഗസഭകളുടെ കൂട്ടായ്മയും, പ്രവര്‍ത്തനങ്ങളും ലോകമെമ്പാടുമുള്ള എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാണെന്നും, മേലിലും കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ ദൈവം ഇടയാക്കട്ടെ എന്നും ആശംസിച്ചു. റവ. എം.ജെ. തോമസ് അച്ചന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം പര്യവസാനിച്ചു. പ്രത്യേക സ്നേഹവിരുന്നും ഒരുക്കിയിരുന്നു. റോയി ഷിക്കാഗോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം