ആശുപത്രി കിടക്കയില്‍ നിന്നും ജീവിത പ്രാരാബ്ദങ്ങളുടെ നടുവില്‍ നിശബ്ദനായി സജീവ് നാട്ടിലേക്ക്
Monday, December 22, 2014 9:24 AM IST
ദമാം: ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് നിശബ്ദനായി ആശുപത്രി കിടക്കയില്‍ നിന്നും വീല്‍ ചെയറില്‍ ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ സജീവ് പുഷ്കരന്‍ നാട്ടിലെത്തും.

കഴിഞ്ഞ മൂന്നര വര്‍ഷമായി ആമവാതം ബാധിച്ച് കിടപ്പിലായ സഹധര്‍മിണി അമ്പിളിയുടെ അടുക്കലേക്കാണ് തളര്‍ന്ന ശരീരവും സംസാരശേഷിയുമില്ലാതെ കുടുംബത്തിന്റെ അത്താണിയായ സജീവ് എത്തുന്നത്.

ദോഹയില്‍ ഹൌസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശി സജീവ് പുഷ്കരനെ നവംബര്‍ രണ്ടിനാണ് അബോധാവസ്ഥയില്‍ അല്‍ കോബാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നും കാണുന്ന സുഹൃത്തായ സജീവിനെ രണ്ടു ദിവസം തുടര്‍ച്ചയായി കാണാതായപ്പോള്‍ തൊട്ടടുത്ത വീട്ടിലെ ഡ്രൈവറായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ സലാം സജീവിന്റെ സപോണ്‍സറുടെ അടുത്തെത്തി അന്വേഷിച്ചതുകൊണ്ടാണ് സജീവന്റെ ജീവന്‍ രക്ഷിക്കാനായത്. സ്പോണ്‍സറും അബ്ദുള്‍ സലാമും കൂടി സജീവിന്റെ റൂമിലെത്തിയപ്പോള്‍ ബോധരഹിതനായി നിലത്ത് കിടക്കുന്ന സജീവനെയാണ് ഇരുവരും കണ്ടത്. ഉടനെ സജീവനെ അല്‍കോബാര്‍ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്െടന്നും അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശസ്ത്രക്രിയക്കുശേഷം ബോധം തിരിച്ച് കിട്ടിയെങ്കിലും വലതു കൈയും കാലും ഉള്‍പ്പെടെ ശരീരത്തിന്റെ ഒരുഭാഗം പൂര്‍ണമായും സ്തംഭിച്ചിരുന്നു. കേള്‍ക്കുന്നത് മനസിലാകുമെങ്കിലും സംസാരിക്കുവാന്‍ ശേഷിയില്ലാതെ നിസഹായനായ സജീവന്റെ ഒന്നര മാസത്തെ ആശുപത്രി ചികിത്സയിലുടനീളം നാട്ടുകാരനായ സതീഷ് കുമാറും സുഹൃത്ത് അബ്ദുള്‍ സലാമുമാണ് ആശ്വാസമായി സജീവിനെ പരിചരിച്ച് പോന്നിരുന്നത്. ഈ അവസരത്തിലാണ് സതീഷ് കുമാറിന്റെ സുഹൃത്ത് മുഖാന്തരം സജീവിന്റെ ദയനീയാവസ്ഥ ഒഐസിസി ദമാം റീജിയണല്‍ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാറിന്റെയും സ്പോര്‍ട്സ് സെക്രട്ടറി രാജേഷിന്റെയും ശ്രദ്ധയില്‍ പെടുന്നത്. സന്തോഷ് കുമാര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞതിനുശേഷം സജീവിന്റെ സ്പോസറുമായി ബന്ധപ്പെടുകയുണ്ടായി. ആരോരുമില്ലാതെ സുഹൃത്തുക്കളുടെ പരിചരണത്തില്‍മാത്രം കഴിയുന്ന സജീവിനെ നാട്ടിലേക്ക് വിടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ വളരെ നല്ല സഹകരണത്തോടുകൂടി പ്രതികരിച്ച സ്പോന്‍സര്‍, ഹയിലില്‍ സജീവിന്റെ ഒരു സഹോദരനുണ്െടന്നും സജീവിനെ യാത്രയില്‍ കൂടെ അനുഗമിക്കുവാന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ അദ്ദേഹത്തിന് റീ എന്‍ട്രി അടിച്ചു കിട്ടുന്നതുവരെ കാത്തിരിക്കുകയാണെന്നും സ്പോണ്‍സര്‍ പറഞ്ഞു. തുടര്‍ന്ന് സജീവിന്റെ സഹോദരന്റെ നമ്പര്‍ വാങ്ങിയ ഒഐസിസി ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ അദ്ദേഹത്തിനെ എത്രയും വേഗം അല്‍കോബാറില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരഭിച്ചു. അങ്ങനെ കഴിഞ്ഞ ദിവസം അല്‍കോബറിലെത്തിയ സജീവിന്റെ സഹോദരനും സജീവിനും വേണ്ടുന്ന ടിക്കറ്റുകള്‍ ഉദാരമനസ്കനായ സ്പോണ്‍സര്‍ നല്‍കുകയും യാത്രാരേഖകള്‍ ശരിയാക്കി നല്‍കുകയും ചെയ്തു.

നാട്ടിലെത്തിക്കഴിഞ്ഞാലുള്ള സജീവിന്റെ അവസ്ഥ വളരെ ദയനീയമാണ്. തന്നെ പരിച്ചരിക്കേണ്ട ഭാര്യ അമ്പിളി ആമവാതം പിടിപെട്ട് കിടപ്പിലാണ്. പതിനാറു വയസുള്ള അമൃതയെന്ന മകളും പതിനൊന്നു വയസുള്ള കണ്ണനെന്ന മകനുമാണ് ഇവര്‍ക്കുള്ളത്. ചലനശേഷിയില്ലാത്ത ഭാര്യയോടൊപ്പം ഒരുഭാഗം തളര്‍ന്ന് സംസാരശേഷിയില്ലാതെ എത്തുന്ന സജീവ് മുന്നോട്ടുള്ള ജീവിത യാഥാര്‍ത്യത്തിനുമുന്നില്‍ പകച്ച് നില്‍ക്കുകയാണ്. മക്കളുടെ പഠിത്തത്തിനും ഭാര്യയുടെയും തന്റെയും ചികിത്സാ ചെലവിനും എങ്ങനെ പണം കണ്െടത്തുമെന്ന് സജീവന് അറിയില്ല. വളരെ ദയനീയമായ ഇവരുടെ ജീവിത പശ്ചാത്തലത്തലം മനസിലാക്കി ഈ കുടുംബത്തിനെ സഹായിക്കുവാന്‍ ഉദാരമതികളായ പ്രവാസി സുഹൃത്തുക്കള്‍ തയാറാകണമെന്ന് ഒഐസിസി സൌദി നാഷണല്‍ കമ്മിറ്റിയംഗം പി.എ.നൈസാം, ദമാം റീജിയണല്‍ ജനറല്‍ സെക്രട്ടറി ഇ.കെ.സലിം, തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, ലാല്‍ അമീന്‍, രാജേഷ്, മുഹമ്മദ് ഹസീം എന്നിവര്‍ സജീവിനെ സന്ദര്‍ശിച്ചതിനുശേഷം അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0591368842, 0502959891.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം