'അറബി ഭാഷ: മഹത്വം സൌന്ദര്യം' സെമിനാര്‍ നടത്തി
Saturday, December 20, 2014 11:17 AM IST
മസ്കറ്റ് : അറബി ഭാഷ കാലാതിവര്‍ത്തിയായതും അനുപമവുമാണെന്നും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രഫ. എ.അബ്ദുള്‍ ഹമീദ് മദീനി പ്രസ്താവിച്ചു.

സെമിറ്റിക് ഭാഷകളില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്ന ഭാഷ അറബി മാത്രമാണ്. ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയ ഭാഷയാണിത്. ലോകത്ത് 25 കോടി ജനങ്ങള്‍ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. അനേകം പേര്‍ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കില്‍ കൂടി അറബി സംസാരിക്കുന്നുണ്ട്. അന്താരാഷ്ട്ര അറബിഭാഷാ ദിനത്തോടനുബന്ധിച്ച് ഇസ്ലാഹി പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ കേരള ഇസ്ലാഹി ക്ളാസ് റൂം സംഘടിപ്പിച്ച 'അറബി ഭാഷ മഹത്വം സൌന്ദര്യം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫു നാടുകളില്‍ ലക്ഷക്കണക്കിന് അറബികള്‍ക്ക് അന്നം നേടിത്തരുന്ന ഭാഷ കൂടിയാണ് അറബി ഭാഷ. അത് ഖുര്‍ആനിന്റെ ഭാഷയാണ്. വേദ ഭാഷകളില്‍ സജീവമായ ഏക ഭാഷയും അറബി ഭാഷയാണ്. അറബി ഭാഷയുടെ പ്രായത്തിലുള്ള പല ഭാഷകളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായപ്പോഴും അറബി അതിന്റെ തനിമയോടെ നിലനില്‍ക്കാന്‍ കാരണം വിശുദ്ധ ഖുറാന്‍ അറബിയിലായതുകൊണ്ടാണെന്ന് പ്രമുഖ പണ്ഡിതനും സൌദി മതകാര്യ മന്ത്രാലയം പ്രബോധകനുമായ കെ.എം മുഹിയദീന്‍ ഫൈസി തരിയോട് പറഞ്ഞു. ഡോ. അബ്ദുള്‍ അഹദ് മദനി (ദോഹ), സയിദ് മുഹമ്മദ് മുസ്തഫ സുല്ലമി (തുരൈഫ്), മുസ്തഫ സലഫി (അബൂദാബി), സിദ്ധീഖ് ഹസന്‍ നിലമ്പൂര്‍ (ഭാഷാ അധ്യാപക പരിശീലകന്‍) കോഴിക്കോട് അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം