തെരുവുമക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു
Thursday, December 18, 2014 10:20 AM IST
ന്യൂഡല്‍ഹി: മലങ്കര കത്തോലിക്കാ സഭയുടെ ബാഹ്യകേരള ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് തെരുവു മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. മലങ്കര സഭ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രചോദന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ക്രിസ്മസ് ആഘോഷിച്ചത്.

കാഷ്മീരി ഗേറ്റ് യമുനാ തീരം, ഷാദ്രയിലെ മാനസരോവര്‍ പാര്‍ക്ക് എന്നീ പ്രദേശങ്ങളിലെ വഴിയോരത്തെ അന്തേവാസികളോടൊപ്പം കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ച ക്രിസ്മസ് ആഘോഷത്തില്‍ ഫരീദാബാദ് സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.

തെരുവിലുറങ്ങുന്നവര്‍ക്ക് കമ്പിളി വസ്ത്രങ്ങളും ഒപ്പം ക്രിസ്മസ് കേക്കും ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തു. ആയിരത്തോളം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

കോര്‍ എപ്പിസ്കോപ്പ ഡാനിയേല്‍ കുഴിത്തടത്തില്‍, പ്രചോദന ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന, ഫാ. സാം പതാക്കല്‍, ഫാ. ദേവസ്യ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.