ഫിഫ അഴിമതി അന്വേഷകന്‍ രാജിവച്ചു
Thursday, December 18, 2014 10:19 AM IST
ബര്‍ലിന്‍: 2018ലെയും 2022ലെയും ഫുട്ബോള്‍ ലോകകപ്പ് വേദികള്‍ അനുവദിക്കപ്പെട്ടതില്‍ ക്രമക്കേട് നടന്നു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ഫിഫ എത്തിക്സ് ഇന്‍വെസ്റിഗേറ്റര്‍ മൈക്കല്‍ ഗാര്‍ഷ്യ തല്‍സ്ഥാനം രാജിവച്ചു.

ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് താന്‍ തയാറാക്കിയ റിപ്പോര്‍ട്ട് കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ് രാജി. ഫിഫയുടെ തലപ്പത്ത് ശക്തമായ നേതൃത്വത്തിന്റെ അഭാവമുണ്ടെന്നും അമേരിക്കന്‍ അഭിഭാഷകനായ ഗാര്‍ഷ്യ ആരോപിക്കുന്നു.

എത്തിക്സ് കമ്മിറ്റിയിലെ സഹപ്രവര്‍ത്തകനായ ജഡ്ജി ഹാന്‍സ് ജോവാഹിം എക്കെര്‍ട്ടിന്റെ സ്വാതന്ത്യ്രത്തില്‍ വിശ്വാസം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരും ആഗ്രഹിച്ചത് സുതാര്യതയാണ്. ഇപ്പോള്‍ ഫിഫ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടിരിക്കുന്നു എന്ന് യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനിയുടെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍