ഒബാമ നിയമിച്ച 88 ജഡ്ജിമാര്‍ സ്ഥിരമാക്കപ്പെട്ടു
Thursday, December 18, 2014 7:58 AM IST
വാഷിംഗ്ടണ്‍: നിലവിലെ സെനറ്റിന്റെ അവസാന സമ്മേളനം തീരുന്നതിനുമുമ്പ് പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച 12 ജഡ്ജിമാര്‍കൂടി സ്ഥിരമാക്കപ്പെട്ടു. ഈ വര്‍ഷം മുമ്പ 76 ജഡ്ജിമാരെ സ്ഥിരമാക്കിയിരുന്നു. അങ്ങനെ പ്രസിഡന്റ് ഫെഡറല്‍ കോടതികളിലേയ്ക്ക് നടത്തിയ 88 ജഡ്ജിമാരാണ് സ്ഥിരമാക്കപ്പെട്ടത്. ഇതിനുമുന്‍പ് 1994ല്‍ പ്രസിഡന്റ് ബില്‍ക്ളിന്റണ്‍ നടത്തിയ 99 നിയമനങ്ങളാണ് ഒരു വര്‍ഷം നടന്ന ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍.

കഴിഞ്ഞ വര്‍ഷം നിയമിച്ച 43 ജഡ്ജിമാരും 2012 ല്‍ നിയമിച്ച 49 ജഡ്ജിമാരും സ്ഥിരമാക്കപ്പെട്ടിരുന്നു. ഒരുവര്‍ഷം മുമ്പ് ഡെമോക്രാറ്റുകള്‍ പാസാക്കിയെടുത്ത ഫിലിഒബസ്റ്റര്‍ തടയാന്‍ സെനറ്റില്‍ കേവല ഭൂരിപക്ഷം മതി എന്ന നിയമമാണ് നിയമനങ്ങള്‍ എതിരില്ലാതെ സ്ഥിരമാക്കപ്പെടുവാന്‍ സഹായിച്ചത്.

ബറാക് ഒബാമയുടെ ഭരണത്തിന്റെ ആറ് വര്‍ഷത്തിനുള്ളില്‍ 303 ഫെഡറല്‍ അപ്പീല്‍സ്, ഡിസ്ട്രിക്ട് കോടതി ജഡ്ജിമാര്‍ സ്ഥിരമാക്കപ്പെട്ടു. ഇതേ കാലയളവില്‍ ക്ളിന്റന്റെ 298 ഉം ജോര്‍ജ് ഡബ്ള്യു ബുഷിന്റെ 253 ഉം ആണ് ജഡ്ജിമാരുടെ നിയമനങ്ങള്‍ സ്ഥിരമാക്കപ്പെട്ടത്. ഇത്രയധികം ജഡ്ജിമാരെ നിയമിക്കുവാന്‍ കഴിഞ്ഞത് ഒബാമയ്ക്ക് ജൂഡീഷ്യറിയില്‍ വലിയ നേട്ടങ്ങളുണ്ടാക്കുവാന്‍ സഹായിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പോലും ഈ ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ ഇവരെ ആരാണ് നിയമിച്ചത് എന്ന് പ്രത്യേകം എടുത്തു പറയുക ഒരു പതിവാണ്. റിപ്പബ്ളിക്കന്‍ സെനറ്റും പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ടെഡ്ക്രൂസ് നിയമവിരുദ്ധമായ കുടിയേറിയ 40 ലക്ഷം പേരെ ഉടനെ നാടുകടത്തേണ്ടതില്ല എന്ന പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓര്‍ഡറിനെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയം പരാജയപ്പെട്ടത് ഡെമോക്രാറ്റുകള്‍ക്ക് നല്‍കിയ പ്രചോദനമാണ് ഇത്രയധികം നിയമനങ്ങള്‍ സ്ഥിരീകരിച്ച് മുന്നോട്ടുപാാേകാന്‍ അവരെ പ്രേരിപ്പിച്ചത്.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്