റോഡുകളുടെ ശോച്യാവസ്ഥ: ഉപലോകായുക്ത റിപ്പോര്‍ട്ട് തേടി
Wednesday, December 17, 2014 6:43 AM IST
ബംഗളൂരു: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഉപലോകായുക്ത ബിബിഎംപിയുടെ വിശദീകരണം തേടി. റോഡ് നിര്‍മാണ ജോലികള്‍ക്കായി ഫണ്ട് വിനിയോഗിച്ചതിന്റെ റിപ്പോര്‍ട്ട് ജനുവരി ഏഴിനകം സമര്‍പ്പിക്കണമെന്ന് ഉപലോകായുക്ത സുഭാഷ് ബി. ആദി ബിബിഎംപി കമ്മീഷണര്‍ എം. ലക്ഷ്മിനാരായണന് നിര്‍ദേശം നല്കി. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ നടത്തിയ റോഡ് വികസന പ്രവര്‍ത്തനങ്ങളില്‍ 90.48 ശതമാനവും നിലവാരം കുറഞ്ഞവയാണെന്ന് ഉപലോകായുക്തയുടെ നോട്ടീസില്‍ പറയുന്നു. ഈ കാലയളവില്‍ നടത്തിയ 189 ജോലികളില്‍ 171 ഉം നിലവാരമില്ലാത്തവയാണെന്ന് ഒക്ടോബറില്‍ ബിബിഎംപിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനിയറിംഗ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ബിബിഎംപി അനന്തരനടപടികള്‍ സ്വീകരിച്ചില്ലെന്ന് ഉപലോകായുക്ത കുറ്റപ്പെടുത്തി.

ബിബിഎംപിയുടെ ജോലികള്‍ നിലവാരമില്ലാത്തവയാണെന്ന് ആരോപിച്ച് കര്‍ണാടക ജനഹിത വേദിക പ്രസിഡന്റ് സൈദാത്ത പരാതി നല്കിയിരുന്നു. നിലവാരമില്ലാത്ത ജോലികള്‍ ചെയ്യാന്‍ കരാറുകാര്‍ക്ക് അനുവാദം നല്കിയതുവഴി ബിബിഎംപി അധികൃതര്‍ കോടിക്കണക്കിന് രൂപ ദുര്‍വിനിയോഗം ചെയ്തിരിക്കുകയാണ്. പ്രാദേശിക എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും ഇതിന് ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.