പുഴനീന്തി കടന്നിരുന്ന വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ ബോട്ടുമായി ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികള്‍
Wednesday, December 17, 2014 6:35 AM IST
ന്യൂയോര്‍ക്ക്: ഗുജറാത്ത് പോട്ട ഉദയ്പൂര്‍ ജില്ലയിലെ നര്‍മദ സ്കൂളിലേക്ക് മണ്‍സൂണ്‍ കാലങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തിയിരുന്നത് ഹിരണ്‍ നദി നീന്തി കടന്നായിരുന്നു. അറുനൂറു മീറ്റര്‍ ദൂരം നീന്തേണ്ടതിനാല്‍ ഇരുപതു ലിറ്റര്‍ കൊള്ളുന്ന ഒരു ചെമ്പുപാത്രം ചില വിദ്യാര്‍ഥികള്‍ കരുതിയിരുന്നു. പുഴ നീന്തി ക്ഷീണിക്കുമ്പോള്‍ അല്‍പ്പനേരം ഇതില്‍പിടിച്ചു പൊന്തികിടക്കുന്നതിനാണ്.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന നാസുകൌണ്ടി എമര്‍ജന്‍സി ഹൌസിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ രത്ന ബല്ല ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ ദുരവസ്ഥ നേരില്‍ കാണാനിടയായി. മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്ന ഭര്‍ത്താവുമായി വിഷയം ചര്‍ച്ച ചെയ്യുകയും വിദ്യാര്‍ഥികള്‍ക്ക് പുഴ കടക്കുന്നതിനായി ഒരു മോട്ടോര്‍ ബോട്ട് നല്‍കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അമേരിക്കയില്‍ നിന്നും ഇന്‍ഫ്ളേറ്റബിള്‍ മോട്ടോര്‍ ബോട്ട് വാങ്ങി ഇന്ത്യയിലെത്തി സ്കൂള്‍ അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ അവരുടെ സന്തോഷത്തിനതിരില്ലായിരുന്നു. മിഠായി വിതരണം ചെയ്തും തേങ്ങാ ഉടച്ചും ഹിന്ദു ആചാര പ്രകാരം കന്നിയാത്ര നടത്തിയ ബോട്ട് രത്നയുടെ ഭര്‍ത്താവായ വരീന്ദറാണ് നിയന്ത്രിച്ചത്. ബോട്ടിലുള്ള യാത്ര വിദ്യാര്‍ഥികള്‍ ശരിക്കും ആഘോഷിച്ചു. ബോട്ടില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് ലൈഫ് ജാക്കറ്റും ഒരുക്കിയിട്ടുണ്ട്.

ദമ്പതികള്‍ ഇതിനുമുമ്പും ഇന്ത്യയിലെ അശരണരായ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍