സ്പോണ്‍സറുടെ കൊടിയ പീഡനം: എംബസിയില്‍ അഭയം തേടിയ യുവാവ് നാട്ടിലേക്ക്
Wednesday, December 17, 2014 6:09 AM IST
കുവൈറ്റ്: സ്പോണ്‍സറുടെ കൊടിയ പീഡനത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷംനാദ് കെ.കെ.എം.എ സേവന വിഭാഗമായ മാഗ്നെറ്റിന്റെ സഹായത്തോടു കൂടി നാട്ടിലേക്ക് തിരിച്ചുപോയി. ജീവിത പ്രയാസം കാരണം നാട്ടുകാരനായ ഒരു സുഹൃത്തിന്റെ സഹായത്തോടു കൂടി സ്വദേശി വീട്ടില്‍ ജോലിക്കായാണ് മൂന്നു മാസം മുമ്പ് ഷംനാദ് കുവൈറ്റില്‍ എത്തിയത്. പക്ഷെ ജോലി ലഭിച്ചതാകട്ടെ വഫ്ര ഫാമിലും. ജോലിക്കിടയില്‍ എന്നും സ്പോണ്‍സറുടെ മാര്‍ദനം നേരിടേണ്ടി വന്നു.

രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് എംബസിയില്‍ അഭയം തേടിയത്. രണ്ടാഴ്ചയായി എംബസി ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു. മാഗ്നെറ്റ് ഇടപെട്ടതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ആവശ്യപ്പെട്ട തുക നല്‍കിയാണ് പാസ്പോര്‍ട്ട് തിരിച്ചു വാങ്ങിയത്. എംബസി ടിക്കറ്റും അനുവദിച്ചതോടെ യാത്ര സുഗമമാവുകയായിരുന്നു. ഇന്നലെ വകുന്നെരത്തെ ഇത്തിഹാദ് എയര്‍വേസില്‍ നാട്ടിലേക്ക് തിരിച്ചയച്ചു. മാഗ്നെറ്റ് പ്രസിഡന്റ് ബി.എം ഇഖ്ബാല്‍ കോര്‍ഡിനെറ്റര്‍ കെ.സി. റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത് .

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍