അലക്സ് അലക്സാണ്ടര്‍ ഏഷ്യന്‍ അമേരിക്കന്‍ സിറ്റി എംപ്ളോയ്സ് അസോസിയേഷന്‍ പ്രസിഡന്റ്
Tuesday, December 16, 2014 5:29 AM IST
ഡാളസ് : ഡാളസ് സിറ്റി ഏഷ്യന്‍ അമേരിക്കന്‍ ജീവനക്കാരുടെ സംഘടയായ ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സിറ്റി എംപ്ളോയ്സ് പ്രസിഡന്റായി അലക്സ് അലക്സാണ്ടറെ തിരഞ്ഞെടുത്തു. ഡിസംബര്‍ പതിനൊന്നിന് വ്യാഴാഴ്ചയാണ് സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്.

ഇരുപത്തിമൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നാനൂറില്‍ പരം ഡാളസ് സിറ്റി ജീവനക്കാരുടെ പ്രാതിനിധ്യമാണ് 1998 ല്‍ സ്ഥാപിതമായ ഈ സംഘടനയ്ക്കുള്ളത്. ആദ്യമായാണ് ഒരു മലയാളി ഈ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റും പത്ത് ബോര്‍ഡ് മെംമ്പേഴ്സും ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദ്ദേശങ്ങളും നേതൃത്വവും നല്‍കുന്നത്.

പുതിയതായി സ്ഥാനമേറ്റെടുത്ത അലക്സ് അലക്സാണ്ടര്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. എംഎ, എംബിഎ ബിരുദധാരിയായ അലക്സ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൌസിംഗ് ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് സീനിയര്‍ റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നു.

സിറ്റി ഓഫ് ഡാളസില്‍ അക്കൌണ്ടന്റായി പ്രവര്‍ത്തിക്കുന്ന ഭാര്യ ഷീനയും, രണ്ടു മക്കളും ഉള്‍പ്പെടുന്നതാണ് അലക്സാണ്ടറുടെ കുടുംബം. തൊഴിലാളി സംഘടനകള്‍ക്കു നേതൃത്വം നല്‍കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട അലക്സ് അലക്സാണ്ടര്‍ മലയാളികള്‍ക്കൊരു അഭിമാനം കൂടിയാണ്.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍