ഇബ്രാഹിം സേട്ട് സാഹിബ് സ്മാരക സൌധം: പ്രചാരണ കൂപ്പണ്‍ പുറത്തിറക്കി
Monday, December 15, 2014 10:09 AM IST
കുവൈറ്റ് സിറ്റി: ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പേരില്‍ നിര്‍മിക്കുന്ന സൌധത്തിന്റെ പ്രചാരണാര്‍ഥം ഐഎംസിസി കുവൈറ്റ് കമ്മിറ്റി പുറത്തിറക്കുന്ന കൂപ്പണ്‍ ഷിഫ അല്‍ ജസീറ ചെയര്‍മാന്‍ കെ.ടി റബീഉള്ള ഐഎംസിസി കുവൈറ്റ് ചെയര്‍മാന്‍ സത്താര്‍ കുന്നിലിനു നല്‍കി പ്രകാശനം ചെയ്തു.

ഷിഫ ജസീറ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ മുന്‍തസര്‍ മജീദ്, ഐഎംസിസി പ്രസിഡന്റ് ഷരീഫ് താമരശേരി, സെക്രട്ടറി ഹമീദ് മധൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഴിമതിയുടെ കറപുരളാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ മാതൃകയായിരുന്ന സേട്ടു സാഹിബിന്റെ ജീവിത സന്ദേശം പുതുതലമുറയിലേക്ക് കൈമാറുന്നതിനാണ് പദ്ധതി മുഖേന മുന്‍ഗണന നല്‍കുന്നത്.

മ്യൂസിയം, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, അഗതി മന്ദിരം കുട്ടികള്‍ക്കുള്ള പഠനസ്ഥലം, ഹ്യൂമന്‍ റിസോഴ്സ് സെന്റര്‍ തുടങ്ങിയവയാണ് സേട്ടു സാഹിബ് സ്മാരക സൌധത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി വിവിധ പരിപാടികള്‍ നടത്തും. പ്രചാരണ പരിപാടിയുടെ സമാപനം 2015 മാര്‍ച്ച് 27 ന് വിപുലമായ പരിപാടികളോടെ നടത്തും. ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി അബ്ദുള്‍ വഹാബ് എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍