മര്‍ക്കസ് സമ്മേളന സൌദി ബുള്ളറ്റിന്‍ മന്ത്രി തിരുവഞ്ചൂര്‍ പ്രകാശനം ചെയ്തു
Monday, December 15, 2014 10:07 AM IST
റിയാദ് : 'ഭജനങ്ങളോടൊപ്പം രാജ്യത്തോടൊപ്പം' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ തീയതികളില്‍ നടക്കുന്ന ജാമിഅ മര്‍ക്കസ് 37-ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് അതിന്റെ സൌദി നാഷണല്‍ കമ്മിറ്റി പുറത്തിറക്കുന്ന പ്രത്യേക സമ്മേളന ബുള്ളറ്റിന്‍, കേരള ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പ്രകാശനം ചെയ്തു. ജിമാര്‍ട്ട് ബിസിനസ് ഹെഡ് അന്‍വര്‍ സാദത്ത് ആദ്യ കോപ്പി ഏറ്റുവാങ്ങി.

കേരളത്തിന്റെ സാമൂഹിക വൈജ്ഞാനിക രംഗത്തെ നവോഥാന പ്രവര്‍ത്തനങ്ങളില്‍ അവിഭാജ്യ ഘടകമായി മാറികഴിഞ്ഞ മര്‍ക്കസ് അതിന്റെ പ്രവര്‍ത്തങ്ങളുമായി സൌദി അറേബ്യയിലും മുന്നേറ്റം നടത്തുന്നു എന്നറിയുന്നത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു.

മര്‍ക്കസിന്റെ 37 വര്‍ഷകാലത്തെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്നതായിരിക്കും സമ്മേളന ബുള്ളറ്റിന്‍ എന്ന് പ്രസാധകര്‍ പറഞ്ഞു. കേരളത്തിനു അകത്തും പുറത്തും മര്‍ക്കസ് നടത്തുന്ന സേവനങ്ങളെകുറിച്ചു അറിയാനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷന്‍ സമയം മനസിലാക്കാനും ഉപകാരപ്പെടും വിധം ഒരു റഫറന്‍സ് ആയാണ് സമ്മേളന ബുള്ളറ്റിന്‍ തയാറാക്കിയത്.

ഡോ. അബ്ദുള്‍ സലാം ഉമര്‍, ഷരീഫ് മുസ്ലിയാര്‍ പുത്തന്‍പള്ളി, ലുഖ്മാന്‍ പാഴൂര്‍, ബഷീര്‍ ബെസ്റ്റോ, സമദ് മാവൂര്‍, ഫൈസല്‍ മമ്പാട്, തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍