ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് നവവത്സരാഘോഷം ഡിസംബര്‍ 28ന്
Monday, December 15, 2014 7:09 AM IST
ന്യൂജേഴ്സി: ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28ന് (ഞായര്‍) വൈകുന്നേരം 4.30ന് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ് ചര്‍ച്ചിന്റെ കോണ്‍ലോണ്‍ ഹാളില്‍ (15 നോര്‍ത്ത് വില്യം സ്ട്രീറ്റ്, ബര്‍ഗന്‍ഫീല്‍ഡ് ന്യൂജേഴ്സി) നടക്കും.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ സഭാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിനെ ചടങ്ങില്‍ അനുമോദിക്കുകയും ആദരിക്കുകയും ചെയ്യും. മലങ്കര ഓര്‍ത്തഡോക്സ് സഭയയുടെ തൃശൂര്‍ ഭദ്രാസന മെത്രാപോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടെ മഹനീയ സാന്നിധ്യവും

ഉണ്ടായിരിക്കും. ഈ പ്രദേശത്തെ എല്ലാ മലയാളി ക്രിസ്ത്യന്‍ പള്ളികളെയും പ്രതിനിധീകരിച്ച് ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും. കൂടാതെ വിവിധ ക്രിസ്തീയ കലാപരിപാടികളും പ്രശസ്ത ഗായകരാലപിക്കുന്ന ക്രിസ്തീയ ഭക്തിഗനങ്ങളും ക്രമീകരിച്ചിരിക്കുന്നു. 4.30ന് ലഘുഭക്ഷണവും രാത്രി എട്ടിന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

1986 എല്ലാ ക്രിസ്തീയ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ ചേര്‍ന്ന് ആരംഭിച്ച ഈ ക്രിസ്തീയ കൂട്ടായ്മ സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സഭകളുടെ മതില്‍ക്കെട്ടുകള്‍ക്കതീതമായി എല്ലാ മലയാളി

ക്രിസ്ത്യാനികള്‍ക്കും ഒത്തുചേരുവാനും ദൈവത്തെ മഹത്വപ്പെടുത്തുവാനും ക്രിസ്മസും നവവത്സരവും ആഘോഷിക്കുവാനും കൂട്ടായ്മയുടെ അനുഭവം പങ്കിടുവാനുമുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അതോടൊപ്പം ഈ പ്രദേശത്ത് വളരെക്കാലം സീറോ മലബാര്‍ സഭയില്‍

വൈദികനായി സേവനമനുഷ്ഠിക്കുകയും ജാതി, മത, സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളികളുടെയും മനസുകളില്‍ ഇടംതേടുകയും ചെയ്ത മാര്‍ ജോയി ആലപ്പാട്ടിന് സഭാവ്യത്യാസമില്ലാതെ ബര്‍ഗന്‍ കൌണ്ടിയിലെ മലയാളികളുടെ സ്നേഹാദരവുകള്‍ അര്‍പ്പിക്കുന്നതിനുള്ള അവസരമെന്ന നിലയില്‍ ചടങ്ങിലേക്ക് ഏവരേയും കര്‍തൃനാമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിസിഎംസി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എസ്. ചാക്കോ (പ്രസിഡന്റ്) 201 262 5979, സജി ടി. മാത്യു (സെക്രട്ടറി) 201 925 5763, പ്രസാദ് മാത്യു (ട്രഷറര്‍) 201 233 1351.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍