ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പായുടെ സ്ഥാനാരോഹണ രജത ജൂബിലി നടത്തി
Saturday, December 13, 2014 10:27 AM IST
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പായുടെ സ്ഥാനാരോഹണ രജത ജൂബിലി ദിനാഘോഷം ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമ പളളിയില്‍ ഡിസംബര്‍ ഒമ്പതിന് (ചൊവ്വ) രാവിലെ ഒമ്പതു മുതല്‍ നടന്നു. വിശുദ്ധ കുര്‍ബാനക്ക് തിരുമേനി നേതൃത്വം നല്‍കി. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും 25 വൈദികരും വിശ്വാസ സമൂഹവും ആരാധനയില്‍ പങ്കെടുത്തു.

തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തിന് ഭദ്രാസന സെക്രട്ടറി ഫാ. ബിനോയി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ഷിബു മാത്യു സ്വാഗതമാശംസിച്ചു. സാം ടി. പണിക്കര്‍, എം.ഇ ഷാജി, ശാമുവല്‍ കെ. ശാമുവല്‍, ജോണ്‍ കെ. തോമസ് എന്നിവര്‍ തിരുമേനിക്ക് ആശംസകള്‍ നേര്‍ന്നു. സഭയുടെ മേല്‍പട്ടത്വ ശുശ്രൂഷയില്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ്, യൂയാക്കീം മാര്‍ കൂറിലോസ് എന്നിവരോടൊപ്പം ഈ ശുശ്രൂഷയില്‍ നിയോഗിതനായതിനെ നന്ദിയോടോടെ സ്മരിക്കുകയും ചെയ്തു. തങ്ങള്‍ക്ക് റമ്പാന്‍ പട്ടം നല്‍കിയത് ഇപ്പോഴത്തെ മെത്രാപോലീത്തായായ ഡോ. ജോസഫ് മാര്‍ത്തോമ തിരുമനസുകൊണ്ടാണെന്ന് അനുസ്മരിക്കുകയും ചെയ്തു.

താന്‍ ശുശ്രൂഷ ചെയ്യുന്ന മലങ്കര മാര്‍ത്തോമ സഭയോടുളള വിധേയത്വവും കാലാകാലങ്ങളില്‍ സഭയെ നയിച്ച മേല്‍പട്ടക്കാരുടെ ജീവിത ദര്‍ശനവും ദീര്‍ഘവീക്ഷണവും ലാളിത്യവും എടുത്തു പറയുകയുണ്ടായി. തന്നെ സ്വാധീനിച്ച യൂഹാനോന്‍ മാര്‍ത്തോമ മെത്രാപോലീത്ത, തോമസ് മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപോലീത്ത, അലക്സാണ്ടര്‍ മാര്‍ത്തോമ മെത്രാപോലീത്താ, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപോലീത്താ തുടങ്ങിയവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബിനോയി ജെ. തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല