പൊന്നു പിള്ളയ്ക്ക് സേവനമികവിന്റെ അംഗീകാരം
Saturday, December 13, 2014 7:00 AM IST
ഹൂസ്റണ്‍: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ബഹുമുഖമായ സേവനങ്ങള്‍ക്കുള്ള ക്യാപ്സിന്റെ 'ഔട്ട് സ്റാന്‍ഡിങ് കമ്യൂണിറ്റി സര്‍വീസ് പുരസ്കാര'ത്തിന് പൊന്നു പിള്ള അര്‍ഹയായി. സംഘടനയുടെ താങ്ക്സ് ഗിവിങ്, ക്രിസ്മസ് ആഘോഷ പരിപാടിയില്‍വച്ച് കോണ്‍സല്‍മാന്‍ കെന്‍ മാത്യു പൊന്നു പിള്ളയെ പ്രശംസാഫലകം നല്കി ആദരിച്ചു.

പതിറ്റാണ്ടുകളായി അമേരിക്കയില്‍ ജീവിക്കുന്ന പൊന്നു പിള്ള ബെന്റാബ് ആശുപത്രിയില്‍ നിന്നാണ് നേഴ്സിങ് ജോലിയില്‍നിന്ന് വിരമിച്ചത്. ജോലിയിലിരിക്കുമ്പോഴും വിരമിച്ചശേഷവും സ്വന്തം നിലയിലും സംഘടനാതലത്തിലും തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നാട്ടിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കുമിടയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

"പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. സമൂഹത്തിനുവേണ്ടി എളിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്. ഇതിന് എന്നെ പ്രാപ്തമാക്കിയ ഏവര്‍ക്കും നന്ദി. സ്നേഹം, സമത്വം, സാഹോദര്യം എന്നതായിരിക്കട്ടെ നമ്മുടെ എക്കാലത്തെയും മുദ്രാവാക്യം.''-പൊന്നു പിള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

ഇരുപതോളം സംഘടനകളില്‍ പ്രവര്‍ത്തിച്ച അസുലഭ പാരമ്പര്യമാണ് പൊന്നു പിള്ളയെ വേറിട്ടു നിര്‍ത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി, ഇന്‍ഡോ അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്‍, ഡിവൈന്‍ ചാരിറ്റി, വേള്‍ഡ് മലയാളി കൌണ്‍സില്‍, പത്തനംതിട്ട അസോസിയേഷന്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഫോമ, ഫൊക്കാന, കേരള സീനിയേഴ്സ് ഓഫ് ഹൂസ്റണ്‍, ബെന്റാബ് റിട്ടയേഡ് നേഴ്സസ് റീ യൂണിയന്‍, എന്‍.എസ്.എസ് തുടങ്ങിയവയിലും നിരവധി ആത്മീയ സംഘടനകളിലും പൊന്നു പിള്ള തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഇപ്പോള്‍ ക്യാപ്സിന്റെ ട്രഷററായും പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് കാക്കനാട്ട്