കലാസാംസ്കാരിക മേളയായി ക്യാപ്സിന്റെ സ്നേഹസന്ധ്യ
Saturday, December 13, 2014 7:00 AM IST
ഹൂസ്റണ്‍: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സാമൂഹിക സാംസ്കാരിക രംഗത്തും വേറിട്ട പാതയില്‍ സഞ്ചരിക്കുന്ന മാതൃകാ സംഘടനയായ 'ക്യാപ്സി'ന്റെ (അസോസിയേഷന്‍ ഫോര്‍ കമ്യൂണിറ്റി പബ്ളിക് സര്‍വീസ്) സ്നേഹസന്ധ്യ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ആകര്‍ഷകമായി. താങ്ക്സ് ഗിവിങ്, ക്രിസ്മസ് ആഘോഷമായാണ് ഹൂസ്റണിലെ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നിരവധി കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ ഈ പരിപാടി സംഘടിപ്പിച്ചത്.

അസോസിയേഷന്‍ സെക്രട്ടറി എബ്രഹാം തോമസ് മാസ്റര്‍ ഓഫ് സെറിമണിയായി ഡോ. മനു ചാക്കോയെ നിറഞ്ഞ സദസ്സിന് പരിചയപ്പെടുത്തിയതോടെ ചടങ്ങുകള്‍ തുടങ്ങി. വിശിഷ്ടാതിഥികളായ ഡോ. ജെ. രാമന്‍, കോണ്‍സല്‍മാന്‍ കെന്‍ മാത്യു, ഫാ. സഖറിയ തോട്ടുവേലില്‍, ക്യാപ്സ് പ്രസിഡന്റ് നൈനാന്‍ മാപ്പുള്ള, എബ്രഹാം തോമസ്, ട്രഷറര്‍ പൊന്നു പിള്ള, സീനിയര്‍ മെമ്പര്‍ കെ.കെ. ചെറിയാന്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷിജിമോന്‍ ജേക്കബ്, എബ്രഹാം നെല്ലിപ്പള്ളില്‍, തോമസ് തയ്യില്‍, റെനി കവലയില്‍, ജോണ്‍ വര്‍ഗീസ്, സാമുവല്‍ മണ്ണുക്കര എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
പ്രിയത മോഹന്റെ ഈശ്വര പ്രാര്‍ഥനയ്ക്ക് ശേഷം നൈനാന്‍ മാപ്പുള്ള സ്വാഗതമാംശസിച്ചു. "ക്യാപ്സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതര അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക് അനുകരണീയമാണ്. അവനവനാല്‍ കഴിയുന്ന സ്നേഹ സഹായങ്ങള്‍ വഴി ഈ സംഘടനയ്ക്ക് കരുത്തുപകരേണ്ടതും ധര്‍മ്മമായി കരുതുക. ദൈവത്തിന്റെ കരങ്ങളാല്‍ സഹജീവി സ്നേഹത്തിലധിഷ്ഠിതമായ ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ഏവര്‍ക്കും കരുത്തുണ്ടാവട്ടെയെന്ന് പ്രാര്‍ഥിക്കുന്നു...'' ആശംസകളര്‍പ്പിച്ച ഫാ. സഖറിയാ തോട്ടുവേലി പറഞ്ഞു.

ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പ്രമുഖ സംഘടനാംഗവും പ്രശസ്ത സര്‍ജനുമായ ഡോ. ജെ. രാമന്‍, ജീവകാരുണ്യപ്രവര്‍ത്തനം മഹത്തായ കര്‍മ്മമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ സന്ദേശവും സംഘടനാ ബോധവും ഭാവിതലമുറയിലും വളര്‍ത്തിയയെടുക്കണമെന്ന് കൌണ്‍സല്‍മാന്‍ കെന്‍ മാത്യു ആഹ്വാനം ചെയ്തു. എഴുത്തുകാരന്‍ എ.സി. ജോര്‍ജ് യുവതലമുറയുടെ സമൂലമായ ശാക്തീകരണത്തെപ്പറ്റി സംസാരിച്ചു. തുടര്‍ന്ന് ശ്രീപാദം സ്കൂള്‍, ക്രെസന്‍ഡ സ്കൂള്‍ ഓഫ് ആര്‍ട്സ്, സുനന്ദ പെര്‍ഫോമിങ് ആര്‍ട്സ്, ശിങ്കാരി സ്കൂള്‍ ഓഫ് റിഥം തുടങ്ങിയ നൃത്തവിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ ഹൃദ്യമായി. ഡോ. സുധ ഹരിഹരന്‍, സൂര്യ, ആന്റോ അങ്കമാലി, ജോര്‍ജ് തച്ചേടത്ത് എന്നിവരുടെ ഗാനാലാപനം, എട്ടു വയസ്സുകാരി ശ്രീദേവി ഹരിഹരന്റെ വയലിന്‍ വാദനം, കുരുന്നുകളായ മിലാനിയ ചാക്കോ, മാത്യു ഷിബു, മൈക്കിള്‍ ഷിബു, ജെനി ജേക്കബ് എന്നിവരുടെ ഫാന്‍സി ഡ്രസ്സും പരിപാടിക്ക് കൊഴുപ്പേകി. റെനി കവലയും റോയി തോമസും ആസ്വാദ്യകരമായ സ്കിറ്റ് അവതരിപ്പിച്ചു. ചെണ്ടമേളവും സെര്‍വിന്റെ കവിതാപാരായണവും കൈയടി നേടി. ഇവര്‍ക്ക് നൈനാന്‍ മാപ്പുള്ളയും ഷിജി മോന്‍ ജേക്കബും പ്രശംസാ ഫലകങ്ങല്‍ നല്‍കി.

ട്രഷറര്‍ പൊന്നു പിള്ള പരിപാടികളോട് സഹകരിച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രത്യേകിച്ച് ആഴ്ചവട്ടം, ഏഷ്യാനെറ്റ്, ഡോ.മനു ചാക്കോ, ഭാര്യ ലെന്‍സി ചാക്കോ, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട സമ്മേളന പരിപാടികള്‍ സ്നേഹവിരുന്നോടെയാണ് പര്യവസാനിച്ചത്.

റിപ്പോര്‍ട്ട്: ജോര്‍ജ് കാക്കനാട്ട്