സംഗീത സാന്ത്വനം ഷോയുടെ ഡിവിഡി പ്രകാശനം ചെയ്തു
Friday, December 12, 2014 10:11 AM IST
റിയാദ്: കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നിര്‍ധനരും നിരാലംബരുമായ കാന്‍സര്‍ രോഗികളേയും മറ്റും സഹായിക്കുന്നതിനായി വിവിധ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ളിനിക്കുകളുമായി സഹകരിച്ച് പ്രസിദ്ധരായ മാപ്പിളപ്പാട്ട് ആല്‍ബം ഗായകര്‍ ചേര്‍ന്ന് രൂപീകരിച്ച ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ട് എന്ന ചാരിറ്റി സംഘടനയും റിയാദിലെ അറേബ്യന്‍ മെലഡീസും ചേര്‍ന്ന് നടത്തിയ അല്‍ റയാന്‍ സംഗീത സാന്ത്വനം പരിപാടിയുടെ ഡിവിഡി പ്രകാശനം പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ മൂസ എരഞ്ഞോളി അറേബ്യന്‍ മെലഡീസ് ചെയര്‍മാന്‍ ഇല്ല്യാസ് മണ്ണാര്‍കാടിന് നല്‍കി നിര്‍വഹിച്ചു.

ഈ സംഘടനക്കുവേണ്ടി കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത പരിപാടികള്‍ മൂസ എരഞ്ഞോളി സൌജന്യമായി ചെയ്തിട്ടുണ്ട്.

ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ടിന്റെ സ്ഥപാകനും പ്രമുഖ ഗായകനും സംഗീത സംവിധായകനും ഗാന രചയിതാവുമായ കൊല്ലം ഷാഫിയും സലീം കോടത്തൂര്‍, ആസിഫ് കാപ്പാട്, നിസാര്‍ വയനാട്, അഫ്സല്‍ കാപ്പാട് എന്നിവരും ചേര്‍ന്ന് റിയാദില്‍ നടത്തിയ പ്രസ്തുത പരിപാടിയില്‍ നിന്നും മിച്ചം വന്ന മുന്ന് ലക്ഷത്തി അയ്യായിരം രൂപ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ 16 രോഗികള്‍ക്കായി നേരത്തെ വിതരണം ചെയ്തിരുന്നു. റിയാദിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ അല്‍ റയാന്‍ ക്ളിനിക്ക്, ക്ളിക്കോണ്‍, സിറ്റി ഫ്ളവര്‍, എബിസി കാര്‍ഗോ, സെന്‍ട്രോ, റഹ്മ തുടങ്ങിയ സ്ഥപാനങ്ങളും വ്യക്തികളും ഇതുമായി സഹകരിച്ചു.

അറേബ്യന്‍ മെലഡീസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ മുനീര്‍ കുനിയില്‍, ഹാരിസ് ചോല, കെ.ടി അഷ്റഫ് അലി, ഷമീര്‍ ബാബു ഫറോഖ്, ബഷീര്‍ കാറോളം, മൂസ പട്ട, അന്‍വര്‍ ഫറോഖ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍