ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ്: ഇന്ത്യ - കുവൈറ്റ് ബന്ധം വഷളാകുന്നു
Friday, December 12, 2014 10:09 AM IST
കുവൈറ്റ്: ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയുന്നതുമായി ബന്ധപ്പെട്ട വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുന്ന തലത്തിലേക്കു വളരുന്നു.

സ്ത്രീ ഗാര്‍ഹിക തൊഴിലാളികളെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുമ്പോള്‍ സ്പോണ്‍സര്‍ 2500 ഡോളറോ അല്ലെങ്കില്‍ തത്തുല്യമായ 720 കുവൈറ്റ് ദിനാര്‍ ബാങ്ക് ഗാരന്റിയോ കെട്ടിവയ്ക്കണമെന്ന നിബന്ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

തങ്ങളുടെ പൌരന്മാര്‍ക്ക് അമിത ഭാരമാകുന്ന പുതിയ നിബന്ധയില്‍ നിന്നും പിന്മാറമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുകൂലമായ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് കടുത്ത തീരുമാനങ്ങളിലേക്ക് കുവൈറ്റ് ഒരുങ്ങുന്നത്. അതിനിടെ പാസ്പോര്‍ട്ട് പൌരത്വകാര്യ അസിസ്റന്റ്റ് അണ്ടര്‍ സെക്രട്ടറി ഷേഖ് മാസിന്‍ അല്‍ ജറാഹ് അല്‍ സബാഹ് രാജ്യത്തെ ഗവര്‍ണറേറ്റുകളിലും ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലും ഇന്ത്യക്കാര്‍ക്ക് താത്കാലികമായി യാതൊരു വീസയും നല്‍കേണ്ടതില്ലെന്നു വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2007 ല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരം രാജ്യത്തുനിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോണ്‍സര്‍ന്മാര്‍ 2500 ഡോളര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്ന നിബന്ധന കഴിഞ്ഞ സെപ്റ്റംബര്‍ 13 മുതല്‍ ഇന്ത്യന്‍ എംബസി കുവൈറ്റില്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഉടലെടുത്തത്.

രാജ്യത്തെ പൌരന്മാരെ അവഹേളിക്കുന്നതാണ് പുതിയ നിബന്ധനയെന്ന വാദവുമായി കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങളും പ്രാദേശിക മാധ്യമങ്ങളും എത്തിയതോടെയാണ് വിഷയം ചൂടുപിടിച്ചത്. തുടര്‍ന്ന് കുവൈറ്റ് വിദേശ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പുതിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ 17 ഓളം രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ ഭാഗമായി 2007 ല്‍ എടുത്ത തീരുമാനം കുവൈറ്റില്‍ ഇപ്പോള്‍ നടപ്പിലാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ഈ വിഷയത്തില്‍ കുവൈറ്റ് അധികൃതരും ഇന്ത്യന്‍ എംബസിയും ചര്‍ച്ച നടത്തിയെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ച ഒരു കാര്യത്തില്‍ എംബസിക്ക് ഇടപെടുവാന്‍ പരിമിതിയുണ്ടന്നും ഈ വിഷയത്തിലുള്ള കുവൈറ്റിന്റെ അതൃപ്തി വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാമെന്നും പോളിസി കാര്യമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ ഈ വിഷയത്തില്‍ ഇടപെടുവാന്‍ സാധിക്കുകയുള്ളൂവെന്നും അറിയിച്ചു. ഇതോടെയാണ് വീസ നിര്‍ത്തിവയ്ക്കാന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് കുവൈറ്റ് നീങ്ങാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് അറിയുന്നതുവരെ വീസ നിരോധനത്തെകുറിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടാവില്ലെന്നാണ് പ്രാദേശിക പത്രങ്ങള്‍ നല്‍ക്കുന്ന സൂചന. വിഷയത്തെ കുറിച്ച് ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. വര്‍ഷാവസാനത്തോടെ കണക്കെടുപ്പിന്റെ ഭാഗമായി പാസ്പോര്‍ട്ട് ഓഫീസുകള്‍ 15 ദിവസത്തോളം അടച്ചിടുന്നതിനാല്‍ യഥാര്‍ഥ അവസ്ഥ ജനുവരിയില്‍ മാത്രമേ മനസിലാവുകയുള്ളൂ.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍