ഫീനിക്സില്‍ ടാലന്റ് ഷോ 2014 വര്‍ണാഭമായി
Friday, December 12, 2014 5:07 AM IST
ഫീനിക്സ്: ദൈവം നമുക്ക് നല്‍കിയിട്ടുള്ള കഴിവുകളും വരദാനങ്ങളും നാം ഓരോരുത്തരും പരിപോഷിപ്പിക്കുകയും അത് സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുകയും വേണമെന്ന് ഫാ. മാത്യു മുഞ്ഞനാട്ട് കുട്ടികളെ ഉത്ബോധിപ്പിച്ചു. ഫീനിക്സിലെ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ടാലന്റ് ഷോ 2014 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗം, മോണോആക്ട്, പ്രച്ഛന്നവേഷം, ക്രിസ്തീയ ഭക്തിഗാനം, സിംഗിള്‍ ഡാന്‍സ്, സംഘഗാനം, ബൈബിള്‍ പാരായണം, ഉപന്യാസം, ചിത്രരചന, മൈം, കഥാഖ്യാനം, വാദ്യോപകരണ സംഗീതം എന്നീ വിഭാഗങ്ങളിലായി 120 മതബോധന വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നാല് വേദികളിലായി ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന 250-ല്‍പ്പരം കലാപരിപാടികള്‍ നാട്ടിലെ സ്കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് ജനിപ്പിച്ചത്. കെ.ജി, സബ് ജൂണിയേഴ്സ്, ജൂണിയേഴ്സ്, സീനിയര്‍, യൂത്ത് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങള്‍. ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയ ടാലന്റ് ഷോയില്‍ അതതു മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വിധികര്‍ത്താക്കള്‍ പാരീഷ് ഗോള്‍ഡ്, പാരീഷ് സില്‍വര്‍ എന്നിങ്ങനെ രണ്ട്ഗ്രേഡുകളിലായി മൂല്യനിര്‍ണ്ണയം നടത്തി.

കിഡ്സ് ഫോര്‍ മിഷന്‍ പ്രൊജക്ടിന്റെ ധനശേഖരണാര്‍ത്ഥം മാതാപിതാക്കളുടെ സഹകരണത്തോടെ ഭക്ഷ്യമേളയും ഒരുക്കിയിരുന്നു. മതബോധന അധ്യാപകര്‍ നേതൃത്വം നല്‍കിയ ടാലന്റ് ഷോയില്‍ ഡയറക്ടര്‍ സാജന്‍ മാത്യു സ്വാഗതവും, ടാലന്റ് കോര്‍ഡിനേറ്റര്‍ സെലീന റോയ് നന്ദിയും പറഞ്ഞു. ഷാജു നെറ്റിക്കാടന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം