ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 13 ന്
Thursday, December 11, 2014 5:51 AM IST
ഡിട്രോയ്റ്റ്: ശിശിര കാലത്തിലെ മഞ്ഞു പുതപ്പിട്ട മിഷിഗണിലെ താഴ്വരകളില്‍ വീണ്ടും ഒരു ക്രിസ്മസ് ആഘോഷത്തിന്റെ ആരവം ഉയരുകയാണ്. മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 13 ന് (ശനി) വൈകിട്ട് 6.30 മുതല്‍ ഡിവൈന്‍ പ്രൊവിഡന്‍സ് ലിത്ത്വേനിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. പതിവുപോലെ വളരെ വ്യത്യസ്തമായ കലാവിരുന്നുകളാണ് ഡിഎംഎ എക്സ്മസ് സ്പെക്റ്റാക്കുലാര്‍ പരിപാടിയില്‍ അവതരിപ്പിക്കുന്നത്.

ആഘോഷങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണം അജിത് അയ്യമ്പള്ളി സംവിധാനം ചെയ്ത അരങ്ങില്‍ അവതരിപ്പിക്കുന്ന നിഴലാട്ടം എന്ന നാടകമാണ്. രാജേഷ് നായര്‍, അജിത് അയ്യമ്പള്ളി, ലീസ മാത്യു, സൈജാന്‍ കണിയോടിക്കല്‍, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, പ്രിന്‍സ് മാത്യു, ജിന്‍സ് ജോണ്‍ എന്നിവരാണ് അഭിനേതക്കള്‍.

മറ്റൊരു പ്രത്യേകത ജീവനുള്ള മൃഗങ്ങളുമായി യേശുദേവന്റെ ജനനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കുന്ന ലൈവ് നേറ്റിവിറ്റി എന്ന പരിപാടിയാണ്. കുട്ടികള്‍ക്ക് ഒട്ടകം, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുമായി അടുത്തിടപഴകാനുള്ള അവസരവും ഇതോടൊപ്പം ഉണ്ടായിരിക്കും.

ഇത്രയുമൊക്കെയാണെങ്കിലും കരോളില്ലാത്ത എന്ത് ക്രിസ്മസ് എന്ന് ചിന്തിക്കാം. അതിനു പരിഹാരമായി നാട്ടിന്‍പുറത്തു പണ്ട് ക്രിസ്മസ് കരോളിനു പോയ നൊസ്റാല്‍ജിക്ക് ഓര്‍മ പുതുക്കാനായി, ഒരു തനി നാടാന്‍ ക്രിസ്മസ് കരോളും ഉണ്ടായിരിക്കും.

അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും വിഭവ സമൃദ്ധമായ ഭക്ഷണവും പരിപാടികള്‍ക്ക് മാറ്റു കൂട്ടും.

ഈ ക്രിസ്മസ് ഡിഎംഎയുമൊത്ത് ആഘോഷിക്കാന്‍ മിഷിഗണിലെ എല്ലാ മലയാളി സമൂഹത്തെയും സംഘാടകര്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ 734 674 1927, രാജേഷ് കുട്ടി 313 529 8852.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍