ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ അബുദാബി മലയാളി സമാജത്തിനുവേണ്ടി കളിക്കളം നിര്‍മിക്കുന്നു
Thursday, December 11, 2014 5:50 AM IST
മുസഫ : ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ അബുദാബി മലയാളി സമാജത്തിനുവേണ്ടി വിവിധോദേശ കളിക്കളം സമാജം അങ്കണത്തില്‍ നിര്‍മിക്കുന്നു.

ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ എസ്.കെ. അബ്ദുള്ളയും സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

യുഎഇ രാഷ്ട്രപിതാവ് ഷേഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നാമധേയത്തില്‍ ലോക നിലവാരത്തില്‍ ലൈഫ് കെയര്‍ എവര്‍ റോളിംഗ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് നടത്തിക്കൊണ്ടായിരിക്കും ഈ കളിക്കളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് എസ്.കെ. അബ്ദുള്ള പ്രസ്താവിച്ചു.

338 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കുന്ന ഈ കളിക്കളത്തില്‍ വോളിബോള്‍, ബാസ്കറ്റ്ബോള്‍ തുടങ്ങി വിവിധ കായിക മല്‍സരങ്ങള്‍ നടത്തുവാനുള്ള സൌകര്യമുണ്ടാവും.

പ്രവാസികളില്‍ വര്‍ധിച്ചുവരുന്ന മാനസികവും ശാരീരികവുമായ പിരിമുറുക്കവും സമ്മര്‍ദവും ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ ഇത്തരത്തിലുള്ള ബഹുമുഖ പദ്ധതികളുമായും മറ്റ് ജീവകാരുണ്യ, ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന സ്ഥാപനമാണ് ഡോ. വി.പി. ഷംഷീറിന്റെ നേതൃത്വത്തിലുള്ള വി.പി.എസ്. ഹെല്‍ത്ത്കെയറിന്റെ ഭാഗമായ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, ലൈഫ്കെയര്‍ ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. വിനീത്, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ഫാദി സിദാനി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള