ആശയദാരിദ്യ്രം സംഭവിച്ച ഇടതുമുന്നണി കേരളത്തില്‍ ഇരുട്ടില്‍ തപ്പുന്നു: പി.വി അബ്ദുല്‍ വാഹാബ്
Wednesday, December 10, 2014 6:17 AM IST
റിയാദ്: കേരളത്തില്‍ ഇടതുപക്ഷ മുന്നണി ആശയദാരിദ്യ്രം മൂലം ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കുറച്ചു കാലമായി കാണുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.വി അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചന്ദ്രിക കോഓര്‍ഡിനേറ്റര്‍മാരുടേയും കെഎംസിസി പ്രവര്‍ത്തകരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്ത് കേരളത്തില്‍ കാണുന്ന രാഷ്ട്രീയ നാടകങ്ങള്‍ ഇടതുപക്ഷത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നതാണ്. ബാര്‍ കോഴ വിഷയത്തിലും സര്‍ക്കാരിനെതിരായി ഇടതുപക്ഷം നടത്തുന്ന സമരങ്ങളിലും പ്രതിപക്ഷ സമീപനം പൊതുജനം തള്ളിക്കളഞ്ഞതാണ്. യു.ഡി.എഫിന്റെ നയനിലപാടുകള്‍ ജനസമ്മതി നേടുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു.

യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീഖ് പാറക്കല്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയ സ്വാഗതവും യു.പി മുസ്തഫ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍