വേള്‍ഡ് മലയാളി കൌണ്‍സില്‍ ഇരുപതാം വാര്‍ഷികം ന്യുജേഴ്സിയില്‍
Wednesday, December 10, 2014 6:17 AM IST
ന്യുജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍, അതിന്റെ ജന്മസ്ഥലമായ ന്യൂജേഴ്സിയില്‍ ഇരുപതാമത് വാര്‍ഷികം ആഘോഷിക്കുന്നു. കൌണ്‍സിലിന്റെ ന്യൂജേഴ്സി ഘടകം ആതിഥേയത്വം വഹിക്കുന്ന മേള 2015 ജുണ്‍ 20 ന് ആണ്. ലോകമെങ്ങും നിന്നുള്ള കൌണ്‍സില്‍ നേതാക്കളും പ്രതിനിധികളും ഈ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തും. 1995 ജൂലായ് മൂന്നാം തീയതിയാണ് ആഗോള മലയാളികളുടെ സംഘടനാ ശേഷിയുടെ പ്രതീകമായ വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സിയില്‍ രൂപം കൊണ്ടത്.

അതേസമയം കൌണ്‍സിലിന്റെ 20-ാം പിറന്നാള്‍ ലോകമെമ്പാടുമുള്ള പ്രോവിന്‍സുകളും അടുത്ത വര്‍ഷം സമുചിതമായി ആഘോഷിക്കും. ഇതിന്റെ കലാശക്കൊട്ടായ ഗ്ളോബല്‍ കോണ്‍ഫറന്‍സ് സ്വിറ്റ്സര്‍ലന്‍ഡിലാണ് നടക്കുക. കഴിഞ്ഞ 19 വര്‍ഷത്തെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ക്കിടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒന്‍പത് ദ്വിവത്സര കോണ്‍ഫറന്‍സുകള്‍ വിവിധ രാജ്യങ്ങളിലായി നടത്തുകയുണ്ടായി. അഞ്ചു ഭൂഖണ്ഡങ്ങളിലെ 38 രാജ്യങ്ങളിലായി 53 പ്രോവിന്‍സുകളാണ് വേള്‍ഡ് മലയാളി കൌണ്‍സിലിനുള്ളത്. ലോകരാജ്യങ്ങളിലെ മലയാളി തലമുറകളെ തമ്മില്‍ ആശയപരമായി ബന്ധിപ്പിക്കുന്ന പാലമായിട്ടാണ് കൌണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ജീവിക്കുന്ന കര്‍മഭൂമിയില്‍ പ്രവാസി മലയാളികളെ ഉത്തമ പൌരന്മാരായി തീര്‍ക്കാനാണ് സംഘടന പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നത്. ഈ മാതൃകാ സംഘടനയുടെ നേട്ടങ്ങളില്‍ അസൂയ പൂണ്ട ചില ശക്തികള്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പേരും ലോഗോയും തങ്ങളുടേതാണെന്ന് സ്ഥാപിച്ച് പ്രവാസി മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ന്യൂജഴ്സിയിലെ 20-ാം വാര്‍ഷികാഘോഷ വേദിയില്‍, സയന്‍സ്, ടെക്നോളജി, മെഡിസിന്‍, നഴ്സിങ്ങ്, ജേര്‍ണലിസം, എന്റര്‍പ്രണര്‍ഷിപ്പ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ തനതായ വ്യക്തിമുദ്ര ചാര്‍ത്തിയവരെ ആദരിക്കും. കൌണ്‍സിലിന്റെ സ്ഥാപക നേതാക്കള്‍ക്കും അംഗീകാരത്തിന്റെ ഫലകങ്ങള്‍ സമ്മാനിക്കും. പുതിയ ഒരു യൂത്ത് ഫോറവും തദവസരത്തില്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ആഘോഷ പരിപാടികളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കൌണ്‍സിലിന്റെ ന്യൂജേഴ്സി അംഗങ്ങള്‍ കഴിഞ്ഞ ഏഴാം തീയതി യോഗം ചേര്‍ന്നു.