ഡോ. സിദ്ദീഖ് അഹമ്മദിന് മനുഷ്യാവകാശ സംഘടനയുടെ പുരസ്കാരം
Tuesday, December 9, 2014 8:36 AM IST
റിയാദ്: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സുരക്ഷാ സമിതി പ്രമുഖ പ്രവാസി ഇന്ത്യക്കാരനും മനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. സിദ്ദീഖ് അഹമ്മദിനെ ആദരിക്കുന്നു.

ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 10 ന് ന്യുഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മനുഷ്യാവകാശ സുരക്ഷാ സമിതിയുടെ പുരസ്കാരം ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിക്കുമെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും അറിയപ്പെടുന്ന വ്യവസായ സംരഭകരായ ഇറാം, ഐടിഎല്‍ ഗ്രൂപ്പുകളുടെ സിഎംഡി ആണ് ഡോ. സിദ്ദീഖ് അഹമ്മദ്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേയും മര്‍ദ്ദിതരുടേയും പീഡിതരുടേയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയും പോരാടുന്ന സംഘടനയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സുരക്ഷാ സമിതി. മനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും ശാസ്ത്രജ്ഞരേയും വ്യവസായ പ്രമുഖരേയും സംഘടന എല്ലാ വര്‍ഷവും ആദരിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷം പ്രവാസലോകത്തും ഇന്ത്യയിലും വിവിധ ജീവകാരുണ്യ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഡോ. സിദ്ദീഖ് അഹമ്മദിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൌകര്യമില്ലാത്ത ജനങ്ങള്‍ക്കുവേണ്ടി പൊതു ഇടങ്ങളിലും ആശുപത്രി, സ്കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ആധുനിക സൌകര്യങ്ങളോട് കൂടിയ ഇ ടോയ്ലറ്റുകള്‍ സ്ഥാപിച്ച് നിരവധി പുരസ്കാരങ്ങളും അനുമോദനങ്ങളും കരസ്ഥമാക്കിയ ഇറാം സയന്റിഫിക് സൊലൂഷന്‍സ് കമ്പനിയുടെ സിഎംഡി കൂടി ആയ ഡോ. സിദ്ദീഖ് അഹമ്മദ് സൌദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. സൌദി അറേബ്യയിലെ ജയിലുകളില്‍ ശിക്ഷാ കാലാവധി കഴിഞ്ഞും നാട്ടില്‍ പോകാന്‍ നിര്‍വാഹമില്ലാതെ കഴിഞ്ഞിരുന്ന അനേകം ഇന്ത്യക്കാര്‍ക്ക് കേരള സര്‍ക്കാരും നോര്‍ക്കയും ചേര്‍ന്ന് നടപ്പാക്കിയ ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നിന്ന സ്വപ്ന സാഫല്യം പദ്ധതിയിലൂടെ ഡോ. സിദ്ദീഖ് അഹമ്മദിന്റെ പ്രത്യേക താത്പര്യ പ്രകാരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഐടിഎല്‍ വേള്‍ഡ് സൌജന്യ വിമാന ടിക്കറ്റുകള്‍ നല്‍കിയത് മനുഷ്യാവകാശ സംഘടനയുടെ പ്രത്യേക പരാമര്‍ശത്തിന് കാരണമായി.

വാഹനാപകടങ്ങളിലും മറ്റും ഭീമമായ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ ദീര്‍ഘകാലമായി സൌദി ജയിലുകളില്‍ കഴിഞ്ഞിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായും ഡോ. സിദ്ദീഖ് അഹമ്മദ് അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പിതാവ് അഹമ്മദ് ഹാജിയുടെ പേരിലുള്ള എഎച്ച് ഫൌണ്േടഷന്‍ ഒരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് കേരളത്തിലേയും സമീപ സംസ്ഥാനങ്ങളിലേയും പാവപ്പെട്ടവര്‍ക്ക് വേണ്ടി നടത്തിപ്പോരുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ ആശ്വാസമാവുകയാണ് ഡോ. സിദ്ദീഖ് അഹമ്മദ് പ്രത്യേക താത്പര്യമെടുത്ത് ഈയിടെ ആരംഭിച്ചിട്ടുള്ള കരുണ എഡ്യുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്. ഇതു കൂടാതെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് സംഘടനകള്‍ക്കും മറ്റ് ചാരിറ്റബിള്‍ അസോസിയേഷനുകള്‍ക്കും തിരുവനന്തപുരം ആര്‍സിസി അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും ആംബുലന്‍സുകളും ഡയാലിസ് യൂണിറ്റുകളും ഏര്‍പ്പെടുത്തി നല്‍കുന്നതിലും മറ്റും പ്രത്യേകം താത്പര്യമെടുത്തു കൊണ്ടിരിക്കുന്ന ഡോ. സിദ്ദീഖ് അഹമ്മദിനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നതിലുപരി മനുഷ്യവകാശ പ്രവര്‍ത്തകനായി കൂടി അംഗീകരിക്കുകയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സുരക്ഷാ സമിതി ചെയ്തിരിക്കുന്നത്.

കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്, യു.പി ഗവര്‍ണര്‍ രാം നായിക് എന്നിവര്‍ കൂടാതെ നിരവധി കേന്ദ്ര മന്ത്രിമാരും ഉന്നത നേതാക്കളും പങ്കെടുക്കുന്ന ചടങ്ങ് ന്യൂഡല്‍ഹിയിലെ മാവ്ലാങ്കര്‍ ഹാളില്‍ ഡിസംബര്‍ 10 ന് (ബുധന്‍) 11 നാണ് നടക്കുകയെന്ന് സംഘടനയുടെ ചെയര്‍മാന്‍ ജംഷദ് ആലം, ജനറല്‍ സെക്രട്ടറി എസ്.എസ് ഗ്രോവര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍