ബ്ളുസ്റാര്‍ ഫാമിലി സ്പോര്‍ട്സ് ഫെസ്റിവല്‍ അരങ്ങേറി
Monday, December 8, 2014 8:57 AM IST
അലൈന്‍ (അബുദാബി): പതിനേഴാമത് ബ്ളൂസ്റാര്‍ ഫാമിലി സ്പോര്‍ട്സ് ഫെസ്റിവല്‍ അലൈനിലെ യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ അരങ്ങേറി. ഒളിമ്പിക് താരം എം.ഡി വത്സമ്മ മുഖ്യാതിഥിയായിരുന്നു. മേളയുടെ മുഖ്യ രക്ഷാധികാരി ഡോ. ജവഹര്‍ ഗംഗരമണി മേളയുടെ മഖ്യസന്ദേശം നല്‍കി. പ്രസിഡന്റ് ജോയ് തണങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ നമ്രത കുമാര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് അഷറഫ് പള്ളിക്കണ്ടം, സെക്രട്ടറി ശരി സ്റീഫന്‍, ബ്ളൂസ്റാര്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, ഡോ. മഹുമ്മദ്ഖാന്‍, വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള കായിക മേളയില്‍ യുഎഇ കമ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥരും നിരവധി യുഎഇ പൌരന്മാരും പങ്കെടുത്തു.

23 ടീമുകള്‍ പങ്കെടുത്ത വര്‍ണശബളമായ മാര്‍ച്ച് പാസ്റിനൊടുവില്‍ പദ്മശ്രീ ഡോ. ജവഹര്‍ ഗംഗാരമണി ദീപശിഖയ്ക്ക് തിരികൊളുത്തി. സ്പോര്‍ട്സ് സെക്രട്ടറി ഉണ്ണീന്‍ പൊന്നേത്തിന് കൈമാറിയ ദീപശിഖാപ്രയാണത്തിനൊടുവില്‍ ഒളിമ്പ്യന്‍ എം.ഡി വത്സമ്മ ഒളിംപിക് ദീപം തെളിച്ച് കായിക മേളക്ക് ശുഭാരംഭം കുറിച്ചു.

നിരവധി സ്പ്രിന്റ് ഇനങ്ങളില്‍ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കില്‍ കായികതാരങ്ങള്‍ മാറ്റുരച്ചപ്പോള്‍ വാശിയേറിയ സെവന്‍സ് ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, ത്രോബോള്‍, കബഡി എന്നീ മത്സരങ്ങള്‍ സ്റേഡിയത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടന്നു. വാശിയേറിയ വടംവലി മത്സരത്തോടെ കായിക മാമാങ്കത്തിന് തിരശീല വീണു.

യുഎഇയിലെ പതിനാറ് പ്രമുഖ ടീമുകള്‍ മാറ്റുരച്ച ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്ളുസ്റാര്‍ ജേതാക്കളായി. അല്‍ തയ്ബ് ഫിന് റണ്ണറപ്പായി. കബഡി മത്സരത്തില്‍ റെഡ് വേള്‍ഡ് കോപ്പല്‍ എ ടീം റെഡ് വേള്‍ഡ് കോപ്പല്‍ ബി ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. വാശിയേറിയ വടം വലി മത്സരത്തില്‍ കോട്ടയ്ക്കല്‍ കെഎംസിസി മലബാര്‍ ടീം പ്രീമിയര്‍, ടീം പ്രീമിയര്‍ ദുബായിയെ പിന്തള്ളി ഒന്നാമതെത്തി. വനിതാ വിഭാഗത്തില്‍ വാരിയേഴ്സ് പ്രിന്‍സസ് ഒന്നാമതും ബ്ളുസ്റാര്‍ അലൈന്‍ രണ്ടാമതും എത്തി.

സബ് ജൂണിയര്‍ വിഭാഗത്തില്‍ അമല്‍ അബ്ദുള്ളയും ഗുല്‍സാന മുഹമ്മദ് വ്യക്തിഗത ചാമ്പ്യന്മാരുമായി. ജൂണിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഖമര്‍, സീനിയര്‍ വിഭാഗത്തില്‍ ആന്‍സ്റണ്‍ തോമസ്, ദിയ മാത്യു, ലാറിറ്റ് ഏബ്രഹാം എന്നിവര്‍ ചാമ്പ്യന്മാരായപ്പോള്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് മുനീറും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള