'മതേതരത്വം പുലരാന്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മാണം അനിവാര്യം'
Monday, December 8, 2014 8:50 AM IST
റിയാദ്: ബാബറി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിച്ചാല്‍ മാത്രമേ യഥാര്‍ഥ മതേതരത്വം രാജ്യത്ത് പുലരുകയുള്ളൂവെന്ന് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച ബാബറി മസ്ജിദും മതേതര ഇന്ത്യയും എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഗാന്ധി വധത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ബാബറി ധ്വംസനം. തകര്‍ക്കപ്പെട്ട മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് വാഗ്ദാനം പൂര്‍ത്തിയാക്കാനോ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കുറ്റക്കാരാണെന്ന് കണ്െടത്തിയ പ്രതികളെ ശിക്ഷിക്കാനോ രാജ്യത്തെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഡിസംബര്‍ ആറ് എന്നത് വെറും ഓര്‍മപുതുക്കാനുള്ള ദിവസം എന്നതിലുപരി ഇന്ത്യയിലെ മതേതര വിശ്വാസികള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശമാണ് നല്‍കേണ്ടത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ബാബറി ഒരു മുന്നറിയിപ്പും താക്കീതുമാണ്.

സാങ്കല്‍പ്പിക കഥകളിലൂടെ സംഘ് പരിവാരം സ്ഥാപിച്ചെടുത്ത കള്ളക്കഥകള്‍ക്ക് മതേതര വാദികളെന്നവകാശപ്പെടുന്നവര്‍ മൌനാനുവാദം നല്‍കിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘടനാ പക്ഷപാതിത്വങ്ങള്‍ മാറ്റിവച്ച് മതേതര ഐക്യനിര കെട്ടിപ്പടുത്ത് ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടണ്ടതിന്റെ ആവശ്യകതയാണ് വേണ്ടതെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് അഷ്റഫ് മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് വാവാട് വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹനീഫ് പുല്ലിപ്പറമ്പ്, ശാഫി ദാരിമി (എസ്കെഐസി), ഇടുക്കി അഷ്റഫ് മൌലവി (പിസിഎഫ്), അബ്ദുള്‍ ഗഫൂര്‍ വെളിമണ്ണ ((മര്‍കസ് റിയാദ്), കബീര്‍ കിളിമംഗലം (ഐഎസ്എഫ്), അത്തീഖ് റഹ്്മാന്‍ (ആര്‍എഫ്സി), അബ്ദുസലാം പേരാമ്പ്ര (പേരാമ്പ്ര കൂട്ടായ്മ), ഉബൈദ് എടവണ്ണ (ഫ്രന്റ്സ് ക്രിയേഷന്‍സ്), നൂറുദ്ദീന്‍ തിരൂര്‍, ഷാഫി തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍