'യാത്രക്കാരെ കയറ്റിക്കൊണ്ടു പോവുന്ന വാഹനങ്ങളുടെ ലൈസന്‍സ് നിയമം പുനപരിശോധിക്കണം'
Monday, December 8, 2014 8:44 AM IST
ദമാം: യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്കു ലൈസന്‍സ് അനുവദിക്കുന്ന നിയമം പുനഃപരിശോധിക്കണമെന്ന് സൌദി റോഡ് സെക്യൂരിറ്റി (അംനു തുര്‍ഖ്) മേധാവി കേണല്‍ നിഷാദ് അല്‍ഖഹ്താനി ആവശ്യപ്പെട്ടു. യാത്രക്കാരെ കയറ്റിക്കൊണ്ട് പോവുന്ന ചില വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനാലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മദീനയില്‍ അധ്യാപികമാരെ കയറ്റിക്കൊണ്ടു പോവുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുകയും അധ്യാപകമാര്‍ മരണപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇത്തരം വാഹനങ്ങള്‍ക്കു ലൈസന്‍സ് അനുവദിക്കുന്ന നിലവിലെ നിയമം പുനഃ പരിശോധിക്കുന്നതിനുവേണ്ടി ഗവര്‍മെന്റിന്റെ വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടീച്ചര്‍മാരെയും മറ്റു വിദ്യാര്‍ഥികളേയും മറ്റു പൊതുജനങ്ങളേയും കയറ്റി കൊണ്ടു പോവുന്ന ഡ്രൈവര്‍മാരെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കണം. ഇവര്‍ ഏതെങ്കിലും കുറ്റ കൃത്യങ്ങളില്‍ പെട്ടിരുന്നോ എന്നും. മദ്യം, മയക്കു മരുന്നു തുടങ്ങിയ ദുശീലങ്ങള്‍ ഉള്ളവരാണോയെന്നും പരിശോധിക്കണം.

നിയമാനുസൃതവും കുറ്റമറ്റതുമായ നിലയില്‍ സുരക്ഷാ സംവിധാനം വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്െടന്നു കൂടി ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഗതാഗത വകുപ്പ് പരിശോധിക്കേണ്ടതുണ്ടന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അപകടം നടക്കുന്ന ഘട്ടങ്ങളില്‍ തങ്ങള്‍ എത്തിപ്പെടുമ്പോള്‍ പല സുരക്ഷ സംവിധാനങ്ങളുടെ അപാകത പ്രകടമായിട്ടുണ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില സംഭവങ്ങളില്‍ വാഹനങ്ങളില്‍ അമിത യാത്രക്കാര്‍ കയറുകയോ ചിലപ്പോള്‍ ഡ്രൈവര്‍ ഉറങ്ങുകയോ ചെയ്യുന്നതായാണ് കണ്െടത്തിയിട്ടുള്ളത്. അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോവുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഗതാഗത വകുപ്പില്‍നിന്നും ട്രാഫിക് വകുപ്പില്‍ നിന്നും പിഴ ഈടാക്കും.

അധ്യാപിമാരെ കൊണ്ട് പോവുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതില്‍ പ്രധാനമായും മുന്ന് പിഴവുകളാണ് കണ്െടത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ ഉറങ്ങല്‍ അമിത വേഗത, സുരക്ഷ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവയാണ് ഇവ.

അധ്യാപികമാരെ കയറ്റിക്കൊണ്ട് പോവുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നസംഭവം ആഴ്ചയില്‍ എട്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അധ്യാപികമാരെ അപകടത്തില്‍ പെട്ടാല്‍ അവര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വദേശി അധ്യാപികമാര്‍ക്ക് മാത്രമാണ് ലഭിക്കുക. അപകടത്തില്‍ മരണമടയുകയോ അംഗ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഒരു ലക്ഷം റിയാല്‍ നഷ്ട പരിഹാരം നല്‍കുമെന്നു സൌദി സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം