എബിസി കാര്‍ഗോ കെഎംസിസി ഫുട്ബോള്‍: വെസ്റേണ്‍ യൂണിയന്‍ റോയല്‍സും ലാന്റേണ്‍ എഫ്സിയും ഫൈനലില്‍
Monday, December 8, 2014 8:42 AM IST
റിയാദ്: എബിസി കാര്‍ഗോ ട്രോഫിക്കുവേണ്ടിയും സിറ്റിഫ്ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റണ്ണേഴ്സ് ട്രോഫിക്കുവേണ്ടിയുമുള്ള അഞ്ചാമത് കെഎംസിസി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അടുത്ത വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിലേക്ക് വെസ്റേണ്‍ യൂണിയന്‍ റോയല്‍ എഫ്സിയും ഹൈബീടെക് ലാന്റേണ്‍ എഫ്സിയും യോഗ്യത നേടി. അത്യന്തം ആവേശകരമായ സെമിപോരാട്ടത്തില്‍ കരുത്തരായ ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് അടിയറവ് പറയിച്ചാണ് റോയല്‍ എഫ്സി ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. വാശിയേറിയ രണ്ടാം സെമിയില്‍ ഷിഫാ അല്‍ ജസീറ ഹാഫ് ലൈറ്റ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഹൈബീടെക് ലാന്റേണ്‍ എഫ്സി ഫൈനലില്‍ കടന്നത്.

ടൂര്‍ണമെന്റിലെ വമ്പന്മാരെ തകര്‍ത്ത ആത്മവിശ്വാസവുമായി നിരവധി മാറ്റങ്ങളോടെ കളിക്കളത്തിലെത്തിയ യൂത്ത് ഇന്ത്യക്കെതിരെ മികച്ച താര നിരയുമായാണ് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ റോയല്‍ എഫ്സിയെത്തിയത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയത് യൂത്ത് ഇന്ത്യക്ക് ക്ഷീണമായി മാറി. റോയല്‍ എഫ്സിയുടെ ജംഷീറായിരുന്നു യൂത്ത് ഇന്ത്യയുടെ ഗോള്‍ വല ചലിപ്പിച്ചത്. വാശിയേറിയ ആക്രമണ പ്രത്യാക്രമണങ്ങള്‍ അന്തരീക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ചൂട് പിടിപ്പിച്ചു. ആദ്യപകുതി അവസാനിക്കുന്നതിനിടയില്‍ റഷീദിലൂടെ യൂത്ത് ഇന്ത്യ സമനില ഗോള്‍ നേടി. ഇതിനിടയില്‍ രണ്ട് തവണ യുത്ത് ഇന്ത്യക്ക് അനുകൂലമായി പെനാല്‍ട്ടി കിക്ക് ലഭിച്ചെങ്കിലും അതു മുതലാക്കാന്‍ ടീമിനായില്ല. ആദ്യത്തെ കിക്ക് റോയല്‍ എഫ്.സിയുടെ വലയം കാത്ത അജീംഷ് കുത്തിയകറ്റിയപ്പോള്‍ രണ്ടാം കിക്ക് ഗോള്‍ പോസ്റിന് മുകളിലൂടെ അലക്ഷ്യമായി അടിച്ച് യൂത്ത് ഇന്ത്യ തങ്ങളുടെ പരാജയം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകളുടെയും താരങ്ങള്‍ മൈതാനം നിറഞ്ഞു നിന്നു.  67-ാം മിനിട്ടില്‍ റോയല്‍ എഫ്സി ഫായിസിലൂടെ ലീഡ് ഉയര്‍ത്തി. 60 വാര അകലെ നിന്നും ഷംസു വയനാട് നീട്ടിക്കൊടുത്ത പന്ത് മനോഹരമായി വലയിലാകിയ ഫായിസ് അവസാനം റോയലിലെ വിജയശില്‍പ്പിയായി മാറി. രണ്ടാം മത്സരത്തിലും വീറും വാശിയും ഒട്ടും കുറഞ്ഞില്ല. വിജയം ലാന്റേണ്‍ എഫ്സിക്കായിരുന്നുവെങ്കിലും തുല്യശക്തികള്‍ തമ്മിലുള്ള മികച്ച പോരാട്ടമായിരുന്നു മത്സരത്തില്‍ കണ്ടത്. തങ്ങള്‍ക്ക് ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കുന്നതില്‍ ലാന്റേണ്‍ എഫ്സി വിജയിച്ചതാണ് മത്സര ഫലം അവര്‍ക്കനുകൂലമാക്കി മാറ്റിയത്. 11,24,74 മിനിട്ടുകളില്‍ ഷാഹിദ് അരീക്കോട്, നൌഷാദ് അരീക്കോട്, ഹാരിസ് മമ്പാട് എന്നിവര്‍ ലാന്റേണ്‍ എഫ്സിക്കുവേണ്ടി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മുഫാസാണ് ഹാഫ് ലൈറ്റ് എഫ്സിയുടെ ആശ്വാസ ഗോള്‍ നേടിയത്.  പ്രതികൂല കാലാവസ്ഥയിലും മൈതാനത്തെത്തിയ കാണികള്‍ക്ക് മത്സരം അവിസ്മരണീയമായ വിരുന്നായി മാറി. 

ആദ്യ മത്സരത്തില്‍ വെസ്റേണ്‍ യുണിയന്‍ റോയലിന്റെ അജീംഷും രണ്ടാം മത്സരത്തില്‍ ലാന്റേണ്‍ എഫ്സിയുടെ നൌഷാദ് അരീക്കോടും ജിമാര്‍ട്ട് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരത്തിനര്‍ഹരായി. ബാവ താനൂര്‍, ലത്തീഫ് പുറത്തൂര്‍ എന്നിവര്‍ ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആദ്യ മത്സരത്തില്‍ ബഷീര്‍ മുസ്ള്യാരകം, നാസര്‍ കാരന്തുര്‍, ഷാജി സോണ, നാസര്‍ കല്ലറ, ഇബ്രാഹിം സുബ്ഹാന്‍, മുസ്തഫ പാണ്ടിക്കാട്, ഫിറോസ് നിലമ്പൂര്‍, ഷാജി പരീത് എന്നിവരും രണ്ടാം മത്സരത്തില്‍ റസാഖ് വളക്കൈ, ജമാല്‍ എരഞ്ഞിമാവ്, മിര്‍ഷാദ് ബക്കര്‍, കെ.പി.മുഹമ്മദ് കളപ്പാറ, ഷംസു പെരുമ്പട്ട, ശുഹൈബ് മങ്കട, നൂറുദ്ദീന്‍ കൊട്ടിയം, വിവിധ മണ്ഡലം, ജില്ലാ, ഏരിയ കെഎംസിസി നേതാക്കളും കളിക്കാരുമായി പരിചയപ്പെട്ടു. അലിഖഹ്താനി, മുഹമ്മദ് സഹീദ്, മുഹമ്മദ് സബീര്‍, കബീര്‍ വല്ലപ്പുഴ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍