വെളിയം ഭാര്‍ഗവന്‍ സ്മാരക പുരസ്കാരം പി.എ.എം. ഹാരിസിന്
Friday, December 5, 2014 10:03 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കറകളഞ്ഞ പൊതുജീവിതത്തിനുടമയും ഇന്ത്യന്‍ കമ്യുണിസ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാര്‍ഗവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ 'വെളിയം ഭാര്‍ഗവന്‍ സ്മാരക' പുരസ്കാരത്തിന് സൌദി അറേബ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ജീവകാരുണ്യ,സാംസ്കാരിക സാഹിത്യ മേഖലകളില്‍ നിറസാന്നിധ്യവുമായ പി.എ.എം.ഹാരിസിനെ തിരഞ്ഞെടുത്തു.

മാധ്യമ ജീവകാരുണ്യ,സാംസ്കാരിക,സാഹിത്യ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരത്തിന് പി.എ.എം. ഹാരിസിനെ തിരഞ്ഞെടുത്തത്. പ്രശസ്തിപത്രവും 2014 സൌദി റിയാലും അടങ്ങുന്നതാണ് പുരസ്കാരം.

നവയുഗം സാംസ്കാരിക വേദിയുടെ ആറാമത് പുരസ്കാരമാണ് ഇത്തവണ സഖാവ് വെളിയം ഭാര്‍ഗവന്റെ പേരില്‍ നല്‍കുന്നത്. വ്യക്തികളുടെ പൊതുജീവിതത്തില നിസ്വാര്‍ഥ സേവനങ്ങളെ മാനിച്ചാണ് നവയുഗം എല്ലാവര്‍ഷവും പുരസ്കാരങ്ങള്‍ നല്‍കിവരുന്നത്. ജനുവരിയില്‍ ദമാമില്‍ സംഘടിപ്പിക്കുന്ന കേരളത്തില്‍ നിന്നുള്ളവരടക്കം സാമൂഹിക, സാംസ്കാരിക സാഹിത്യ, രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

മാധ്യമ പ്രവര്‍ത്തനത്തിലൂടെ പ്രവാസഭൂമിയില്‍ ജീവിക്കുന്നവര്‍ അനുഭവിക്കുന്ന ദുരിതപര്‍വം ലോകത്തിനു മുമ്പില്‍ എത്തിക്കുവാനും അതുവഴി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഇവിടെ ഒറ്റപ്പെട്ടു പോയവര്‍ക്കും നിയമകുരിക്കില്‍ പെട്ടവര്‍ക്കും എന്നുവേണ്ട ആശുപത്രികളില്‍ ആരോരും തിരിഞ്ഞുനോക്കാനില്ലാതെ ചികിത്സാചെലവ് പോലും വഹിക്കാനാവാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് തുണയേകുവാനും അദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞുകൊണ്ടിരിക്കുന്നു.

സൈനികനായിരുന്ന പി. അബ്ദുള്‍ ഖാദറിന്റെയും അധ്യാപികയായിരുന്ന പി.സുബൈദയുടെയും മകനായി 1959 ല്‍ നിലമ്പൂരില്‍ ചന്തകുന്നിലാണ് പി.എ.എം ഹാരിസിന്റെ ജനനം. നിലമ്പൂര്‍ ചന്തക്കുന്ന് ജിഎംല്‍പി സ്കൂള്‍, എ.യു.പി.സ്കൂള്‍, ചെന്ദമഗലൂര്‍ ജി.യു.പി. സ്കൂള്‍, തിരൂര്‍ക്കാട് എ.എം സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ഇദ്ദേഹം മമ്പാട് എംഇഎസ് കോളജില്‍ നിന്ന് ബിരുദവും പൊന്നാനി എംഇഎസ് കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്ത ബിരുദവും കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിജെ (ജേര്‍ണലിസം) നേടി.

1999 മുതല്‍ വിദേശത്ത് നിന്ന് പ്രസിദ്ധികരിക്കുന്ന മലയാളത്തിലെ ആദ്യ മലയാള ദിനപത്രമായ മലയാളം ന്യൂസില്‍ ദമാം ബ്യുറോയില്‍ ലേഖകനായി പ്രവര്‍ത്തിച്ചു വരുന്നു. ഇതിനു മുമ്പ് മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ഫീച്ചേഴ്സ് ആന്‍ഡ് ന്യൂസ് അലയന്‍സ്, സൌദി ഗസറ്റ് എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലമ്പൂര്‍ എംഇഎസ് വിമന്‍സ് കോളജില്‍ അധ്യാപകനായും സേവനം അനുഷ്ടിച്ചടുണ്ട്.

ബാബറി മസ്ജിദോ രാമജന്മഭൂമിയോ, റുഷ്ദിയും ആവിഷ്കാര സ്വാതന്ത്യ്രവും എന്നിവ അദേഹത്തിന്റെ കൃതികളാണ്. നല്ലൊരു പരിഭാഷകന്‍ കൂടിയായ പി.എ.എം.ഹാരിസ്, ഖുര്‍ആനിലേക്കുള്ള പാത, യോനായുടെ അടയാളം, കല്ല് നീക്കിയതാര് എന്നീ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപെടുത്തുകയും ചെയ്തിടുണ്ട്.

ഭാര്യ: റസിയ. മക്കള്‍: അഷ്ഫാഖ്, അര്‍ഷദ്,അന്‍ഷിദ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം