യുഎസ് വീസ: നടപടിക്രമങ്ങളില്‍ കോണ്‍സുലേറ്റ് ഇളവ് പ്രഖ്യാപിച്ചു
Friday, December 5, 2014 8:34 AM IST
ചെന്നൈ: അമേരിക്കന്‍ യാത്രയ്ക്കുള്ള വീസ നടപടിക്രമങ്ങളില്‍ ഇളവ് വരുത്താന്‍ യുഎസ് കോണ്‍സുലേറ്റിന്റെ തീരുമാനം. നേരത്തേ അമേരിക്കന്‍ വീസ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കുമ്പോള്‍ അഭിമുഖത്തിന് ഹാജരാകണമെന്നുള്ള നിബന്ധനയാണ് കോണ്‍സലേറ്റ് പ്രധാനമായും ഒഴിവാക്കുന്നത്. 14 വയസില്‍ താഴെയുള്ള കുട്ടികളെയും 80 വയസിനു മുകളിലുള്ള മുതിര്‍ന്ന പൌരന്മാരെയും അഭിമുഖത്തിനു നേരിട്ട് ഹാജരാകുന്നതില്‍ നിന്നൊഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ചെന്നൈ കോണ്‍സലര്‍ ചീഫ് ലോറന്‍സ് മെയ്ര്‍ വ്യക്തമാക്കി.

വീസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും അപേക്ഷകര്‍ക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. 2008 ജനുവരി ഒന്നിനുശേഷം അപേക്ഷകള്‍ സമര്‍പ്പിച്ച് വീസ നേടിയവര്‍ ഫിംഗര്‍ പ്രിന്റ് അടക്കമുള്ള രേഖകള്‍ വീണ്ടും നല്‍കേണ്ടിവരില്ല. എന്നാല്‍ 2004 ഓഗസ്റ് ഒന്നുമുതല്‍ 2007 ഡിസംബര്‍ 31 വരെ വീസ നേടിയിട്ടുള്ളവരുടെ ഫിംഗര്‍ പ്രിന്റ് വീണ്ടും എടുക്കേണ്ടിവരും. എന്നാല്‍ ഇവര്‍ക്ക് അഭിമുഖം ഉണ്ടായിരിക്കില്ല. 2008 ജനവരി ഒന്നിനുശേഷം വീസ ലഭിച്ചിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായി വീണ്ടും വീസയ്ക്ക് അപേക്ഷിക്കാം.

വീസ അഭിമുഖത്തിന് അനുവദിച്ചിരിക്കുന്ന സമയത്തിന് 15 മിനിറ്റ് നേരത്തേ മാത്രം ചെന്നൈയിലെ കോണ്‍സലേറ്റില്‍ എത്തിയാല്‍ മതിയാകുമെന്നും കോണ്‍സലര്‍ ചീഫ് പറഞ്ഞു. പുതിയ രീതിയനുസരിച്ച് ചെന്നൈ കോണ്‍സുലേറ്റ് 13,500 വീസകള്‍ ഇതുവരെ നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2.42 ലക്ഷം നോണ്‍ എമിഗ്രന്റ് വീസ അപേക്ഷകള്‍ ഇക്കാലയളവില്‍ ചെന്നൈ കോണ്‍സലേറ്റ് പരിഗണിച്ചു. ഈ വര്‍ഷം ഇതുവരെ രണ്ടു ലക്ഷം പേര്‍ക്കാണ് ചെന്നൈ കോണ്‍സുലേറ്റ് വീസ അനുവദിച്ചത്. അതായത് ദിവസം 1500 വീസകള്‍ വരെ. ചെന്നൈ കോണ്‍സലേറ്റില്‍ 30 മിനിറ്റിനുള്ളില്‍ വീസ നടപടി പൂര്‍ത്തിയാക്കാറുണ്ടെന്നും അഭിമുഖം കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ 95 ശതമാനം പേര്‍ക്കും വീസ അനുവദിക്കാറുണ്െടെന്നും ലോറന്‍സ് മെയ്ര്‍ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍1, എച്ച് 1ബി വീസകള്‍ക്കുള്ള അപേക്ഷ ലഭിക്കുന്ന കോണ്‍സലേറ്റ് ചെന്നൈയിലേതാണ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചെന്നൈ യു.എസ്. കോണ്‍സലേറ്റില്‍ നിന്ന് 21,000 സ്റൂഡന്റ് വീസകള്‍ അനുവദിച്ചു. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 43 ശതമാനം കൂടുതലാണിത്. എട്ട് ശതമാനം വര്‍ധനയോടെ 40,000 എച്ച്.വണ്‍ ബി വിസ അനുവദിച്ചു.