ജസ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Friday, December 5, 2014 7:52 AM IST
ദമാം: ജസ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ ഒഐസിസി ദമാം റീജിണല്‍ കമ്മി അനുശോചനം രേഖപ്പെടുത്തി. അവസാന ശ്വാസം വരെയും അടിസ്ഥാന വിശ്വാസങ്ങളില്‍ മാറ്റം വരുത്താതെ സാധാരണക്കാരുടെ വിഷയങ്ങളില്‍ ഇടപെടുകയും സാമൂഹിക നന്മക്കായി ശബ്ദം ഉയര്‍ത്തുകയും ചെയ്ത നീതിമാനായ ഭരണാധികാരിയും നീതിപാലകനുമായിരുന്നു ജസ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ എന്ന് ഒഐസിസി റീജിണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അനുശോചന സശേത്തില്‍ പറഞ്ഞു.

ഒഐസിസി റീജിണല്‍ കമ്മിറ്റിയുടെ അനുശോചനം അറിയിക്കുന്നതായും ഒഐസിസി റീജിയണല്‍ കമ്മിറ്റി അറിയിച്ചു.

നീതിയുടെയുും മനുഷ്യത്വത്തിന്റെയും പക്ഷത്തുനിന്നുകൊണ്ട് തനതായ നിലപാടും ശബ്ദവും പ്രകടിപ്പിക്കുന്നതില്‍ എന്നും ധൈര്യവും സ്തൈര്യവും പുലര്‍ത്തിയിരുന്ന ജസ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ വേര്‍പാട് നാടിനു തീരാനഷ്ടമാണ്. ഗുജറാത്തിലും മുത്തങ്ങയിലും മാറാടും വിവിധി രാഷ്ട്രീയ മത സംഘട്ടന വേളകളിലുമെല്ലാം നീതിയുടെയും സമാധാനത്തിന്റെയും ശബ്ദുവുമായി അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. നീതിക്കായി കേഴുന്നവര്‍ക്ക് എന്നും തുണയായിരുന്ന മഹത് ജീവിതം പൊതു പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമായിരുന്നു. നീതിയെ സ്നേഹിച്ച ഈ മനുഷ്യസ്നേഹിയുടെ വേര്‍പാടില്‍ പ്രവാസി സാംസ്കാരിക വേദി അഖാതമായ ദുഃഖം രേഖപ്പെടുത്തി.

ജസ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ നവയുഗം സാംസ്കാരിക വേദി അനുശോചിച്ചു. കണ്ണുകെട്ടിയ നീതിദേവതയുടെ സംരക്ഷണത്തിന്റെ ഒരു നൂറ്റാണ്ടാണ് നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തിലൂടെ ഓര്‍മയായതെന്നും നിയമതത്വങ്ങളെക്കുറിച്ച് പറയുമ്പോഴും അവ യാന്ത്രികമാകരുതെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അതില്‍ ഉറച്ചുനിന്നുള്ള നിലപാടുകളും ഇന്ത്യന്‍ മതേതരത്വത്തിനും മനുഷ്യവകാശത്തിനും നല്‍കിയ ഊര്‍ജവും പ്രകാശവും ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളെ കുറച്ചൊന്നുമല്ല പ്രകാശിപ്പിച്ചതെന്നും നവയുഗം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്ട്രത്തിനും സമൂഹത്തിനും കനപ്പെട്ട ബഹുമുഖ പ്രതിഭയാണ് ജസ്റീസ് വി. ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. നീതിയെക്കുറിച്ചും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും ഭരണഘടന പുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന ഭാവനാത്മകമായ വ്യാഖ്യാനങ്ങളാണ് ജസ്റീസ് കൃഷ്ണയ്യര്‍ നടത്തിയിരുന്നത്. ഉന്നത നീതി പീഠങ്ങളിലെ ന്യായാധിപന്‍ എന്ന നിലയില്‍ ഏഴരപതിറ്റാണ്ട് നീണ്ട മഹിത സേവനങ്ങളിലൂടെ നീതിപാലനരംഗത്ത് വരും തലമുറകള്‍ക്ക് ഒരു വിദ്യാലയം തന്നെ കെട്ടിപ്പെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായി പ്രസിഡന്റ് ഇഫ്തിയാസ് അഴിയൂര്‍, ജനറല്‍ സെക്രട്ടറി റഫീക് പോയില്‍തൊടി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ജസ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ പ്രവാസി സാംസ്കാരിക വേദി ദമാം സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. നീതിന്യായ ചരിത്രത്തിലെ നിര്‍ണായകമായ ഒട്ടേറെ വിധികള്‍ പുറപ്പെടുവിച്ച അദ്ദേഹം കോടതിവിധികള്‍ക്ക് മാനുഷിക മുഖ നല്‍കിയ നിയമഞ്ജനായിരുന്നു. ജനപക്ഷത്ത് നിന്നുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം