'ചാവറയച്ചന്‍' ടിവി സീരിയല്‍ പ്രക്ഷേപണം ആരംഭിച്ചു
Friday, December 5, 2014 7:42 AM IST
കൊച്ചി: കുടുംബപ്രേഷകരില്‍ വിശുദ്ധ ചാവറയച്ചനെ എത്തിക്കുവാനുള്ള സിഎംഐ സഭയുടെയും ഗുഡ്നെസ് ടിവിയുടെയും ലിവിംഗ് ഫെയ്ത് ചാനലിന്റെയും ശ്രമമാണ് 'ചാവറയച്ചന്‍' എന്ന സീരിയല്‍. 19-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെയാണ് സന്തോഷ് മണിമലയുടെ സംവിധാനത്തില്‍ 'ചാവറയച്ചന്‍' എന്ന സീരിയല്‍ സൃഷ്ടിക്കപ്പെടുന്നത്. മികച്ച സീരിയല്‍ നടന്‍ ആനന്ദ്, നടി ഡിനി ഡാനിയല്‍, ബാലതാരം ഗൌരവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ടെലിവിഷന്‍ ചാനലുകളില്‍ ഇത് ആദ്യമായാണ് ചാവറയച്ചന്റെ ജീവിതചരിത്രം ഒരു പ്രമേയമാകുന്നത്. ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട നവംബര്‍ 23ന് (ഞായര്‍) എന്ന പുണ്യദിനത്തില്‍ തന്നെയാണ്, മികച്ച ടിവി താരങ്ങള്‍ അണിനിരക്കുന്ന സീരിയലിന്റെ പ്രക്ഷേപണം ഗുഡ്നെസ് ടിവിയില്‍ ആരംഭിച്ചത്. ചാവറയച്ചന്‍ ജനിച്ച കൈനകരിയില്‍ ആണ് സീരിയലിന്റെ ചിത്രീകരണം ആരംഭിച്ചത്. വിശുദ്ധ ചാവറയച്ചന്റെ കര്‍മ്മരംഗങ്ങളായ മാന്നാനം, വാഴക്കുളം, കൂനമ്മാവ് തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്നു.