മലയാളം സൊസൈറ്റി ഹൂസ്റണ്‍ പ്രഭാഷണം സംഘടിപ്പിച്ചു
Thursday, December 4, 2014 10:02 AM IST
ഹൂസ്റണ്‍: ഗ്രേയ്റ്റര്‍ ഹൂസ്റണിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ മലയാള ബോധവത്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ 2014 നവംബര്‍ സമ്മേളനം 23ന് വൈകുന്നേരം നാലിന് സ്റാഫറ്ഡിലെ ഏബ്രഹാം ആന്‍ഡ് കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. മുന്‍ ഭാഷാധ്യാപകനായ ടി.ജെ. ഫിലിപ്പ് മുഖ്യപ്രഭാഷകനായിരുന്നു.

മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജി. പുത്തന്‍കുരിശ് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം സ്വതന്ത്രചിന്തയുടെയും വിശാലവീക്ഷണത്തിന്റെയും അഭാവമാണ് ഇന്ന് ലോകമെങ്ങും പ്രത്യേകിച്ച് ഇന്ത്യയിലും അതിലും പ്രത്യേകിച്ച് കേരളത്തിലും നടമാടിക്കൊണ്ടിരിക്കുന്ന വിപത്തുകള്‍ക്കു കാരണമെന്ന് അറിയിച്ചു. ലോകമെങ്ങും ഉണ്ടായിക്കൊണ്ടിരിക്കുന്ന അരാജകത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പ്രധാന കാരണവും ഇതുതന്നെയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

തടുര്‍ന്ന് ജോസഫ് തച്ചാറ 'കനകക്കുന്നിലെ പൊന്നീച്ച' എന്ന കഥ അവതരിപ്പിച്ചു. താരതമ്യേന ചെറിയ കഥകളെഴുതുന്ന തച്ചാറയുടെ പതിവിലും ചെറുതായ ഈ കഥ, കൂടുതല്‍ അര്‍ഥവ്യാപ്തിയുള്ളതാണെന്ന് സദസ്യര്‍ വിലയിരുത്തി. അധികാരത്തിലും സൂഖജീവിതത്തിന്റെയും നടുവില്‍ രാജ്യത്തെയും ജനങ്ങളെയും മറക്കുന്ന ഭരാണാധിപര്‍ക്കുനേരെ വിരല്‍ ചൂണ്ടുന്നതിനോടൊപ്പം ബാഹ്യപ്രഭാവത്തില്‍ മതിമറന്ന് ബഹുമാനിക്കപ്പെടുന്നവര്‍ക്കും ആരാധിക്കപ്പെടുന്നവര്‍ക്കും നേരേയുള്ള പരിഹാസവും ഈ കഥയില്‍ ഉള്‍ക്കൊണ്ടിട്ടുണ്െടന്ന് സദസ്യര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ടി. ജെ. ഫിലിപ്പ് 'സ്വതന്ത്രചിന്തയും വിശാല വീക്ഷണവും' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണമാരംഭിച്ചു. അരിസ്റോട്ടില്‍ പറയുന്നത് 'മനുഷ്യന്‍ കാര്യകാരണങ്ങളും യുക്തിയും ഉപയോഗിച്ച് ചിന്തിക്കു ന്നവരാണ്.' എന്നാല്‍ മനഃശാസ്ത്രപണ്ഡിതനായ സിഗ്മണ്ട് ഫ്രോയ്ഡ് ഈ നിര്‍വചനത്തെ ഖണ്ഡിക്കുന്നു. ചിന്തയുടെ തുടക്കം ആവശ്യങ്ങളില്‍നിന്നാണ്. ആഹാരം, സുരക്ഷ, നിലനില്‍പ്പ് അങ്ങനെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ചിന്തയ്ക്ക് തുടക്കം കുറിക്കുന്നു. ചുരുക്കത്തില്‍ ആവശ്യങ്ങളില്‍നിന്നാണ് ചിന്തയ്ക്ക് തുടക്കം കുറിക്കപ്പെടുന്നത്.

സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ പലതാണ്. അത്തരക്കാരെ കബളിപ്പിക്കാന്‍ വളരെ എളുപ്പമാണ്. ഉദാഹരണത്തിന് ഇന്ന് ഇന്ത്യയിലെങ്ങും പരക്കെ ഉയര്‍ന്നു വരുന്ന ആള്‍ ദൈവങ്ങളെ നോക്കുക. അത്തരം ആളുകളുടെ ചിന്തയാണ് ഒരുപറ്റം ആളുകളെ നയിക്കുന്നത്. അവര്‍ തങ്ങളറിയാതെ കബളിപ്പിക്കപ്പെടുകയാണ്. സ്വതന്ത്രമായി ചിന്തിക്കാത്ത അമിത വിശ്വാസികള്‍ക്കും ഇതുതന്നെ അനുഭവം. സ്വതന്ത്രചിന്തകര്‍ തെളിവുകളും പരീക്ഷണങ്ങളുമടങ്ങുന്ന ഒരു ശാസ്ത്രീയ സമീപനം കൈക്കൊള്ളേണ്ടിയിരിക്കുന്നു. ചിന്തകര്‍ സ്വാധീന വിമുക്തരായെങ്കിലെ സ്വതന്ത്രചിന്ത രൂപപ്പെടുകയുള്ളു.

ബാഹ്യമായി അടിച്ചേല്‍പ്പിക്കുന്ന ചിന്തകളില്‍നിന്ന് സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് മനുഷ്യരാശിയെ ഒന്നായി കാണാനും ഉള്‍ക്കൊള്ളാനും കഴിയുന്നു. അവരില്‍ സഹിഷ്ണതാമനോഭാവം വളരുകയും ചെയ്യുന്നു. അങ്ങനെയുള്ളവര്‍ മതതീവ്രവാദികളൊ മറ്റുവിധത്തിലുള്ള തീവ്രവാദ ചിന്താഗതിക്കാരൊ ആകാന്‍ തരമില്ല.

അങ്ങനെ സൂദീര്‍ഘമായ പ്രഭാഷണത്തിലൂടെ ടി.ജെ. ഫിലിപ്പ് സ്വതന്ത്രചിന്തയും വിശാല വീക്ഷണവും എന്ന വിഷയത്തെക്കുറിച്ച് വളരെ വിജ്ഞാനപ്രദമായി പ്രബന്ധം അവതരിപ്പിച്ചു.

സജീവവും വിജ്ഞാനപ്രദവുമായ ചര്‍ച്ചയില്‍ പൊന്നു പിള്ള, തോമസ് വര്‍ഗീസ്, ജി. പുത്തന്‍കുരിശ്, എ.സി. ജോര്‍ജ്, ടോം വിരിപ്പന്‍, സജി പുല്ലാട്, ടി.ജെ.ഫിലിപ്പ്, ജോസഫ് തച്ചാറ, മണ്ണിക്കരോട്ട്, തോമസ് വൈക്കത്തുശേരി, ജോര്‍ജ് ഏബ്രഹാം, ടോം വിരിപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

സദസ്യരുടെ ചോദ്യങ്ങള്‍ക്കെല്ലാം ടി. ജെ. ഫിലിപ്പ് മറുപടി നല്‍കി. തോമസ് വര്‍ഗീസിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീൌ.ില), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.