ബ്രോങ്ക്സ് ദേവാലയത്തില്‍ വൈദിക സംഗമം നടത്തി
Thursday, December 4, 2014 9:48 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കത്തോലിക്കാ വൈദികരുടെ സംഗമം ഒക്ടോബര്‍ 26ന് (ബുധന്‍) ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നടത്തി.

കഴിഞ്ഞ 12 വര്‍ഷമായി ബ്രോങ്ക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ താങ്ക്സ് ഗിവിംഗിനോടനുബന്ധിച്ച് വൈദിക സംഗമം നടന്നു വരുന്നു. അടുത്ത വര്‍ഷം മുതല്‍ മലയാളി സന്യാസിനികളുടെ സംഗമം നടത്താന്‍ തീരുമാനിച്ചതായി ബ്രോങ്ക്സ് ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അറിയിച്ചു. ഈ വര്‍ഷം പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടുകൂടിയും ധാരാളം വൈദികര്‍ പങ്കെടുത്തു.

ദേവാലയത്തില്‍ നടന്ന പ്രാര്‍ഥന ശുശ്രൂഷകള്‍ക്ക് അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ നേതൃത്വം നല്‍കി. ഫാ. ജോസ് കാരിമറ്റം താങ്ക്സ് ഗിവിംഗിന്റെ സന്ദേശം നല്‍കി. തുടര്‍ന്ന് പാരിഷ് ഹാളില്‍ കൂടിയ യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഫാ. ജേക്കബ് ക്രിസ്റി, ഫാ. ഡേവി കാവുങ്കല്‍, ഫാ. ജോണ്‍സന്‍ നെടുങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കത്തോലിക്കാ വൈദികര്‍ക്ക് പരസ്പരം പരിചയപ്പെടുവാനും സുഹൃത്ബന്ധം പുതുക്കാനുമുള്ള ഒരു വേദിയായിട്ടാണ് സംഗമം തുടങ്ങിയതെന്ന് സ്വാഗത പ്രസംഗത്തില്‍ സംഗമത്തിന്റെ സംഘാടകനായ ബ്രോങ്ക്സ് ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി പറഞ്ഞു. കൈക്കാരന്‍ സഖറിയാസ് ജോണ്‍ ഇടവയ്ക്കുവേണ്ടി നന്ദി പറഞ്ഞു.

വിഭവ സമൃദ്ധമായ സ്നേഹവിരുന്നിനോടൊപ്പം ഇടവകയുടെ സ്നേഹോപകരണങ്ങളും നല്‍കിയാണ് വൈദികരെ യാത്രയാക്കിയത്. പരിപാടികള്‍ക്ക് ഷോളി കുമ്പിളുവേലി, വിനു വാതാനപ്പള്ളി, മേരി സഖറിയ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.