ടെക്സസ് വിദ്യാഭ്യാസ സിലബസില്‍ ഇനി ഹിന്ദുമതവും പഠന വിഷയം
Wednesday, December 3, 2014 7:13 AM IST
വാഷിംഗ്ടണ്‍ ഡിസി: അടുത്ത അധ്യയന വര്‍ഷം മുതല്‍ ടെക്സസ് വിദ്യാര്‍ഥികളുടെ പഠന വിഷയങ്ങളില്‍ ഹിന്ദുയിസത്തെക്കുറിച്ചുളള ടെസ്റ് ബുക്കുകളും ഉള്‍പ്പെടുത്തുന്നു. ഇതിനായി ടെക്സസ് സ്റേറ്റ് ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ അംഗീകാരത്തോടെ ഹിന്ദൂയിസത്തെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങളാണ് തയാറാക്കിയിരിക്കുന്നത്.

ഹിന്ദു പണ്ഡിതന്മാരും ചരിത്രകാരന്മാരും പുസ്തകം തയാറാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഹിന്ദു അമേരിക്കന്‍ ഫൌണ്േടഷനാണ് ഇതിന് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചത്.

ഹിന്ദൂയിസത്തിന്റെ കാതലായ തത്വങ്ങളും ശരിയായ വിശദീകരണങ്ങളും പ്രതിഫലിക്കുന്ന ആദിശങ്കരന്റെ ചിത്രം ഈ ടെസ്റ് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ണം, ജാതി എന്നിവയെ കുറിച്ച് ഈ ടെസ്റ് ബുക്കില്‍ വ്യക്തമായ വ്യാഖ്യാനം നല്‍കിയിരിക്കുന്നു.

ഹിന്ദു- ഇന്ത്യന്‍ അമേരിക്കന്‍ കമ്യുണിറ്റിയിലെ പ്രമുഖരായ മുപ്പതുപേര്‍ ഡോ. മുരളി ബാലാജിയുടെ നേതൃത്വത്തില്‍ ടെക്സസ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചാണ് തെറ്റുകള്‍ കൂടാതെ പുസ്തകം തയാറാക്കിയിരിക്കുന്നത്. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ വോളന്റിയര്‍മാരെ സംഘടിപ്പിക്കുന്നതിന് ഡോ. രാജീവ് പണ്ഡിറ്റും സ്തുത്യര്‍ഹ സേവനമാണ് നടത്തിയത്.

ഹിന്ദുമതം പഠന സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുളള അമേരിക്കയിലെ ഏക സംസ്ഥാനമാണ് ടെക്സസ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍