ഗുരു ശിഷ്യ സ്മാരകത്തിന്റെ ഊഷ്മളതയില്‍ കോഴഞ്ചേരി കോളജ് ജൂബിലിയാഘോഷം
Monday, December 1, 2014 10:11 AM IST
അബുദാബി: ദൈവത്തിന്റെ സൃഷ്ടിക്ക് ചൈതന്യം പകരുന്ന ഇടങ്ങളാണ് വിദ്യാഭ്യാസ കേന്ദ്രങ്ങളെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍ സുരേഷ്.

വിദ്യാര്‍ഥികളെ സമൂഹത്തിന് ആശ്രയിക്കാന്‍ കഴിയുന്ന വ്യക്തിത്വങ്ങളായി മാറ്റുന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ വിജയം. സമൂഹത്തില്‍നിന്നും ഊര്‍ജവും സംസ്കാരവും ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികളെ ഒരുക്കണം. വാത്സല്യവും വൈഭവും നിറഞ്ഞ ഗുരുക്കന്മാരാകാന്‍ സമ്പന്നരായിരുന്നു ഇന്നലെകളിലെ വിദ്യാലയങ്ങള്‍. കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂമ്നി അബുദാബി ചാപ്റ്ററിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പി.എന്‍ സുരേഷ്.

ചാപ്റ്റര്‍ പ്രസിഡന്റ് വി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. രജത ജൂബിലി സ്മരണികയുടെ പ്രകാശനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ്സ് മല്ലശേരി നിര്‍വഹിച്ചു.

മുന്‍ പ്രിന്‍സിപ്പല്‍മാരായ റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, എന്‍. സാമുവല്‍ തോമസ്, പ്രഫ. കെ. ജോര്‍ജ് ഏബ്രഹാം, ഡോ. ഷീന ഈപ്പന്‍, മാര്‍ത്തോമ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സാംജി മാത്യു, ഷെറിന്‍ ജോര്‍ജ്, നിബു സാം ഫിലിപ്പ്, സജി തോമസ്, ഷിബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.

സംഘടനയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 32 പൂര്‍വവിദ്യാര്‍ഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു. 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.

അനില്‍ സി. ഇടിക്കുള രചിച്ച് ജോജി മാത്യു സംഗീതം നല്‍കിയ ജൂബിലി ഗാനം അലൂമ്നി ഗായകസംഘം ആലപിച്ചു.

ഈജിപ്ഷ്യന്‍ നൂതന നൃത്തം, ഒപ്പന, ജുഗല്‍ബന്ദി, ലഘു ചിത്രീകരണം തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറി.