ഫോര്‍ക്ക പുനഃസംഘടിപ്പിച്ചു
Monday, December 1, 2014 6:38 AM IST
റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്കയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പുതിയ വര്‍ക്കിംഗ് ചെയര്‍മാനായി സൈനുദ്ദീന്‍ കൊച്ചിയെ തെരഞ്ഞെടുത്തു. റിയാദിലെ ഇരുപത്തെട്ടോളം പ്രാദേശിക സംഘടനകളുടെ പ്രാതിനിധ്യമുള്ള ഫോര്‍ക്കയുടെ യോഗത്തില്‍ ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു.

ഡിസംബര്‍ 19 ന് നോഫ ഓഡിറ്റോറിയത്തില്‍ ഫോര്‍ക്ക നേതൃത്വം നല്‍കി നടത്തുന്ന സിറ്റി ഫ്ളവര്‍ സി.എസ്.എഫ് ഫുഡ് ഫെസ്റ്റിന്റെ പ്രോഗ്രാം ചെയര്‍മാനായി ഉമ്മര്‍ മുക്കം, ജനറല്‍ കണ്‍വീനറായി ശംസു പൊന്നാനി എന്നിവരെ തെരഞ്ഞെടുത്തു. പ്രാദേശിക കൂട്ടായമകള്‍ ഏറ്റെടുത്ത് സജ്ജീകരിക്കുന്ന ഫുഡ് സ്റ്റാളുകളില്‍ അതാതു പ്രദേശങ്ങളിലെ രുചിവൈവിധ്യങ്ങള്‍ ഉണ്ടായിരിക്കും. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, പേരാമ്പ്ര, കാളികാവ്, രാമനാട്ടുകര, മുക്കം, കായംകുളം, ഇരവികുളം, റാന്നി, മൈത്രി, കൊച്ചി, നെയ്യാറ്റിന്‍കര, കോട്ടയം, കൊല്ലം, മമ്പാട്, പെരുമ്പാവൂര്‍, കടലുണ്ടി, കോഴിക്കോട്, തലശ്ശേരി, ആലപ്പുഴ, മലപ്പുറം, വടകര, മാവൂര്‍, പെരിന്തല്‍മണ്ണ, പാണ്ടിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. യോഗത്തില്‍ സനൂപ് പയ്യന്നൂര്‍ സ്വാഗതവും ഉമ്മര്‍ മുക്കം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍