വര്‍ഷം കനത്തു; റിയാദില്‍ പെരുമഴ
Monday, December 1, 2014 6:36 AM IST
റിയാദ്: ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച കനത്ത മഴ റിയാദിലും പരിസരങ്ങളിലും രാത്രിയും തുടരുകയാണ്. കേരളത്തിലെ വര്‍ഷക്കാലം പോലെ ഇടമുറിയാതെ പെയ്യുന്ന മഴയില്‍ നഗരത്തിലെ ജനജീവിതം പാടേ സ്തംഭിച്ചു.

വാരാദ്യ ദിവസമായ ഞായറാഴ്ച കാലത്ത് സ്കൂളിലേക്കും ഓഫീസുകളിലേക്കും പുറപ്പെട്ടവര്‍ മഴയില്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. നഗരത്തില്‍ ഏറ്റവും തിരക്കേറിയ ഒലയ്യ, സുലൈമാനിയ, മലസ്, ബത്ഹ, റൌദ, മന്‍ഫൂഹ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ദരയ്യയിലെ ഇല്‍ബ് ഡാമിലും നിറയെ വെള്ളം കയറിയിട്ടുണ്ട്. മഴ വരും ദിവസങ്ങളില്‍ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. മഴ പെയ്തതോടെ റിയാദില്‍ തണുപ്പും ആരംഭിച്ചു. റിയാദില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 10 ഡിഗ്രി സെല്‍ഷ്യസ് ആണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍