10 വര്‍ഷം മുന്‍പ് ഗള്‍ഫിലേക്ക് ജോലി തേടിപ്പോയ ഗൃഹനാഥന്റെ വരവും കാത്ത് നാലംഗ നിര്‍ധന കുടുംബം
Monday, December 1, 2014 6:36 AM IST
റിയാദ്: തിരുവനന്തപുരം കടയ്ക്കാവൂര്‍ തുണ്ടത്തില്‍ വീട്ടില്‍ ഷണ്‍മുഖന്‍ പ്രദീപ് (44) പത്ത് വര്‍ഷം മുന്‍പാണ് കുവൈത്തിലേക്കുള്ള വിസയില്‍ ഗള്‍ഫിലേക്ക് പുറപ്പെട്ടത്. 2004 ജൂണ്‍ 9 ന് കുവൈറ്റിലെത്തിയ വിവരം ഉടനെ ഭാര്യയെ വിളിച്ചറിയിച്ചതിനുശേഷം ഇതുവരേയും പ്രദീപ് നാടുമായി ബന്ധപ്പെട്ടിട്ടില്ലത്രെ. പ്രദീപിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ വക്കം അങ്ങതലവീട്ടില്‍ ആര്‍.സുധ, മക്കളും വിദ്യാര്‍ഥികളുമായ പ്രജിത്ത്, പ്രിയ എന്നിവര്‍ ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രദീപിനെ ഇതുവരെ കണ്െടത്താനായിട്ടില്ല.

നാട്ടില്‍ ചുമട്ട് തൊഴിലാളിയായിരുന്ന പ്രദീപിന് സൌദിയില്‍ ജോലി നോക്കിയിരുന്ന അയല്‍വാസിയാണ് കുവൈറ്റിലേക്കുള്ള ജോലി തരപ്പെടുത്തി നല്‍കിയത്. പലരില്‍ നിന്നായി കടം വാങ്ങിയാണ് നിര്‍ധന കുടുംബാംഗമായ പ്രദീപ് വിസക്കുള്ള പണം ഒപ്പിച്ചത്. പ്രദീപിനെ കാണാതായതിനെ തുടര്‍ന്ന് വിസ നല്‍കിയ ആളെ ബന്ധപ്പെട്ടെങ്കിലും അയാള്‍ക്കും പ്രദീപിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പ്രദീപിന്റെ തീരോധാനത്തെ കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്ന് ആറ്റിങ്ങള്‍ എം.എല്‍.എ ആയിരുന്ന ആനത്തലവട്ടം ആനന്ദന്‍ വഴി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന് പരാതി നല്‍കുകയും നോര്‍ക്ക കുവൈറ്റ് ഇന്ത്യന്‍ എംബസിയോട് പ്രദീപിനെ കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്തുകളയക്കുകയും ചെയ്തിരുന്നു.

കുവൈത്ത് ഇന്ത്യന്‍ എംബസി നടത്തിയ അന്വേഷണത്തില്‍ പ്രദീപ് 2004 ജൂലൈ 1 ന് സൌദി അറേബ്യയിലേക്ക് കടന്നതായി 2005 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിന് മറുപടി ലഭിച്ചു. ഇതിനിടയില്‍ എ. സമ്പത്ത് എം.പി വഴി കേന്ദ്ര പ്രവാസികാര്യ വകുപ്പിനും പരാതി നല്‍കി. കേന്ദ്ര പ്രവാസി കാര്യ വകുപ്പിന് കുവൈറ്റ് എംബസി നല്‍കിയ മറുപടിയില്‍ സൌദിയിലേക്ക് സ്പോണ്‍സറോടൊപ്പം പോയ പ്രദീപ് സ്പോണ്‍സറെ വിട്ട് ഓടിപ്പോയെന്നും സ്പോണ്‍സര്‍ അത് സൌദി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്െടന്നും അറിയിച്ചു. ഇതിനോടൊപ്പം സൌദിയിലെ ഇന്ത്യന്‍ എംബസി പ്രദീപ് മരണപ്പെട്ടതായും മൃതദേഹം മരുഭൂമിയില്‍ നിന്ന് ലഭിച്ചുവെന്ന് സൌദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി സ്പോണ്‍സര്‍ കുവൈറ്റ് എംബസിയെ അറിയിച്ചതായും മറുപടിയില്‍ പറയുന്നു. എല്ലാല്‍ പ്രദീപ് മരണപ്പെട്ടതായുള്ള ഒരു വിവരവും തങ്ങള്‍ക്ക് ലഭിചച്ചിട്ടിലെബ്ബല്ല് റിയാദ് എംബസിയുടെ കത്തില്‍ പറയുന്നു. കുവൈറ്റ് - റിയാദ് എംബസികള്‍ നടത്തിയ അന്വേഷണത്തില്‍ പ്രദീപ് ഓടിപ്പോയതായി സ്പോണ്‍സര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടുകയായിരുന്നു. ഈ വാര്‍ത്ത വാര്‍ത്താമാധ്യമങ്ങളില്‍ നല്‍കിയെങ്കിലും പ്രദീപിനെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല.

ഇതിനിടയില്‍ 2012ല്‍ പ്രദീപിനെ സൌദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഒരു സ്വദേശിയോടൊപ്പം കണ്ടുവെന്ന് നാട്ടുകാരനായ രാജു വീട്ടുകാരെ അറിയച്ചതോടെ കുടുംബത്തിന് പ്രതീക്ഷകള്‍ വിണ്ടും മൊട്ടിട്ടു. പ്രദീപിനെ കണ്ടുവെങ്കിലും കൂടെ ഉണ്ടായിരുന്ന സ്വദേശി ഒന്നും സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് രാജു പറഞ്ഞത്രെ. ഹഫര്‍ അല്‍ ബാത്തിനിലോ പരിസര പ്രദേശങ്ങളിലോ ഉള്ള മരൂഭൂമിയിലോ വിദൂരഗ്രാമത്തിലോ ഷണ്‍മുഖന്‍ പ്രദീപ് ജീവനോടെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. പത്ത് വര്‍ഷത്തിന് ശേഷമെങ്കിലും തങ്ങളുടെ ഗൃഹനാഥന്‍ മടങ്ങിയെത്തും എന്ന പ്രതീക്ഷയാണ് കുടുംബത്തിന്. പ്രദീപിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നവോദയ ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ബാബുജി (0503433781) കണ്‍വീനര്‍ വിക്രമലാല്‍ (0501075266) എന്നിവരെ അറിയിക്കണം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍