മികച്ച ഫോട്ടോ ജേര്‍ണലിസം വിദ്യാര്‍ഥിക്കുള്ള ഐഎപിസി അവാര്‍ഡ് വിതരണം ചെയ്തു
Monday, December 1, 2014 6:35 AM IST
ന്യൂയോര്‍ക്ക്: തിരുവനന്തപുരം പ്രസ്ക്ളബിലെ മികച്ച ഫോട്ടോ ജേര്‍ണലിസം വിദ്യാഥിയായി തെരഞ്ഞെടുക്കപ്പെട്ട അജയ് മധുവിന് ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് (ഐഎപിസി) ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിച്ചു.

തിരുവനന്തപുരം പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് പത്രപ്രവര്‍ത്തക വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അവാര്‍ഡ് വിതരണം ചെയ്തത്. 'കേരളത്തിലെ പ്രവാസികള്‍' എന്ന വിഷയത്തില്‍ തയ്യാറാക്കിയ ഫോട്ടോ റിപ്പോര്‍ട്ടാണ് അജയ് മധുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഒരു ലേഖനത്തെക്കാള്‍ ഒരു ചിത്രത്തിന് നല്‍കാന്‍ കഴിയുന്ന സന്ദേശം വലുതാണെന്നും അങ്ങനെ സന്ദേശങ്ങളുള്‍ക്കൊള്ളുന്നതും സാമൂഹിക പ്രസക്തവുമായ ചിത്രങ്ങളെടുക്കുന്നതാണ് ഫോട്ടോഗ്രാഫറുടെ വിജയമെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.

പ്രിന്റ് മീഡിയയില്‍ നിന്ന് വായനക്കാര്‍ പിന്നോക്കം പോകുന്നുവെങ്കിലും ഫോട്ടോ ജേര്‍ണലിസത്തിന് ഇനിയും മികച്ച ഒരു കാലഘട്ടമുണ്െടന്നും അതിലേക്ക് മികച്ച ഫോട്ടോഗ്രാഫേഴ്സിനെ നല്‍കുന്ന തരത്തില്‍ കോഴ്സ് സംഘടിപ്പിക്കുന്ന തിരുവനന്തപുരം പ്രസ്ക്ളബിനെ അഭിനന്ദിക്കുന്നതായും ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ പറഞ്ഞു.

പതിനായിരം രൂപയുടെ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മെഡലും അടങ്ങുന്ന അവാര്‍ഡാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് മികച്ച ഫോട്ടോ ജേര്‍ണലിസം വിദ്യാര്‍ത്ഥിക്കായി ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം പ്രസ്ക്ളബ് പോലുള്ള മഹത്തായ സ്ഥാപനവുമായി സഹകരിക്കാന്‍ കഴിഞ്ഞത് ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന് അഭിമാനാര്‍ഹമായ കാര്യമാണെന്ന് പ്രസ്ക്ളബ് പ്രസിഡന്റ് അജയ് ഘോഷ് അഭിപ്രായപ്പെട്ടു. ഈ അവാര്‍ഡ് കൊടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തില്‍ പങ്കുചേരുന്നതായി ഐഎപിസി സെക്രട്ടറി മിനിനായര്‍ പറഞ്ഞു.

ആദ്യബാച്ചിനു തന്നെ ഈ അവാര്‍ഡ് നല്‍കാന്‍ കഴിഞ്ഞതില്‍ വളരെയധികം അഭിമാനമുണ്െടന്ന് തിരുവനന്തപുരം പ്രസ്ക്ളബ് സെക്രട്ടറി ജയന്‍ മേനോന്‍ പറഞ്ഞു. ഈ ചടങ്ങില്‍ തിരുവനന്തപുരം പ്രസ്ക്ളബുമായി ഐഎപിസി സഹകരിച്ചതില്‍ നന്ദി അറിയിക്കുന്നതിനൊപ്പം ഐഎപിസിയുടെ സാന്നിധ്യം തങ്ങളുടെ ഫോട്ടോ ജേര്‍ണലിസം കോഴിസിന് പുതിയമാനം നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുദശാബ്ദത്തിലേറെയായി തിരുവനന്തപുരം പ്രസ് ക്ളബിലെ ഇന്‍സ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആയിരക്കണക്കിന് പത്രപ്രവര്‍ത്തകരെയാണ് വാര്‍ത്തെടുത്തിട്ടുള്ളതെന്നു ഫോട്ടോ ജേര്‍ണലിസം കോഴ്സ് മേധാവി ബാലന്‍ മാധവന്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ്ക്ളബിനും അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേരുന്നതായി ഐഎപിസി നാഷ്ണല്‍ സെക്രട്ടറി വിനീത നായര്‍ അറിയിച്ചു. 2014 നവംബര്‍ 15ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഐഎപിസിക്ക് തിരുവനന്തപുരം പ്രസ്ക്ളബിന്റെ മികച്ച ഫോട്ടോജേര്‍ണലിസം വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് നല്‍കാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമാണെന്ന് എഐപിസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം പറഞ്ഞു.