ന്യൂയോര്‍ക്കില്‍ പതിനേഴാമത് സരസ്വതി അവാര്‍ഡ് ആവേശകരമായി
Saturday, November 29, 2014 10:19 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ യുവപ്രതിഭകള്‍ പങ്കെടുത്ത 17-ാമത് സരസ്വതി അവാര്‍ഡ് മത്സരം ബെല്‍റോസിലെ ഫ്രാങ്ക് പാടവന്‍ ക്യൂന്‍സ് ഹൈസ്കൂള്‍ ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രശസ്ത സംഗീതജ്ഞ ശാലിനി രാജേന്ദ്രന്‍ നിലവിളക്ക് തെളിച്ച് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.

നൃത്തം, സംഗീതം, ഉപകരണ സംഗീതം എന്നിവയില്‍ പ്രാവീണ്യം തെളിയിച്ച ഉഷ ബാലചന്ദ്രന്‍, ശാലിനി രാജേന്ദ്രന്‍, രമ ബാലചന്ദ്രന്‍, പവിത്ര സുന്ദര്‍, ജോര്‍ജ് ദേവസ്യ പുത്തൂര്‍, സാലി സരോജ് എന്നിവരായിരുന്നു മത്സരങ്ങളുടെ വിധി കര്‍ത്താക്കള്‍.

ഒമ്പത് വിഭാഗങ്ങളിലായി മത്സരിച്ച യുവപ്രതിഭകളില്‍ സരസ്വതി അവാര്‍ഡിനര്‍ഹരായവരെ ചുവടെ:

ക്ളാസിക്കല്‍ സംഗീതം: (ഒന്നാം സ്ഥാനം) - പ്രീജു നായര്‍, കാവ്യ ശേഖര്‍

ക്രിസ്റി തോമസ് (ജൂണിയര്‍ വിഭാഗം), കബിലന്‍ ജഗന്നാഥന്‍ (സീനിയര്‍ വിഭാഗം).

ഭരതനാട്യം : (ഒന്നാം സ്ഥാനം) - ശാലിനി രാജന്‍ (പ്രീ ജൂനിയര്‍ വിഭാഗം), പ്രിയങ്ക മഹേശ്വരന്‍ (ജൂണിയര്‍ വിഭാഗം).

ഇന്ത്യന്‍ ഭാഷാഗാനം : (ഒന്നാം സ്ഥാനം) - ജിയ റോസ് വിന്‍സെന്റ് (പ്രീ- ജൂണിയര്‍ വിഭാഗം), സിതാര ചെറിയാന്‍ (ജൂണിയര്‍ വിഭാഗം), സോഫിയ ചിറയില്‍ (സീനിയര്‍ വിഭാഗം)

ഉപകരണ സംഗീതം : (ഒന്നാം സ്ഥാനം) - കൃപ ശേഖര്‍ (ജൂണിയര്‍).

അവാര്‍ഡ് ജേതാക്കളെ വിശിഷ്ടാതിഥികള്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി ആദരിച്ചു. സരസ്വതി അവാര്‍ഡ് മത്സരം പോലെ ഭാരതീയ സംസ്കാരവും കലകളും ഭാഷയും പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മുഖ്യനിയമ ഉപദേഷ്ടാവായ ലിവാംഗ്കോ നയിതെ അഭിനന്ദിച്ചു. സരസ്വതി അവാര്‍ഡിന്റെ കഴിഞ്ഞ 20 വര്‍ഷത്തെ സേവനത്തെ നയിതെ പ്രശംസിച്ചു. മത്സരാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അദ്ദേഹം നന്മ നേര്‍ന്നു.

ഇന്ത്യന്‍ കല, ഭാഷ, സംസ്കാരം, പൈതൃകം എന്നിവ സംരക്ഷിക്കുന്നതിനും തുടരുന്നതിനും സരസ്വതി അവാര്‍ഡ് മത്സരത്തിലൂടെ ഇളംതലമുറക്ക് പ്രചോദനം ആകുമെന്ന് ഇന്ത്യന്‍ പ്രസ് ക്ളബ് ഓഫ് നോര്‍ത്തമേരിക്കയുടെ നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു ആശംസകള്‍ നേര്‍ന്ന് പ്രസ്താവിച്ചു.

ഇന്ത്യക്കാര്‍ അമേരിക്കയില്‍ പരമ്പരാഗതമായി തുടരുന്ന ഡോക്ടര്‍, എന്‍ജിനിയര്‍, സയന്റിസ്റ് മേഖലക്ക് ഉപരി മറ്റ് തൊഴില്‍ മേഖലകള്‍ക്കൂടി പ്രാപ്തമാക്കാന്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പ്രചോതനം നല്‍കാന്‍ സിഎന്‍എന്‍. ന്യൂസ് എഡിറ്റര്‍ സോവി ആഴത്ത് അഭിപ്രായപ്പെട്ടു. എതിര്‍പ്പുകളെ അതിജീവിച്ച് പുതിയ തൊഴില്‍ മേഖലകള്‍ കൈവരിക്കാന്‍ അദ്ദേഹം യുവതലമുറയോട് ആഹ്വാനം ചെയ്തു.

ലോറന്‍ വട്ടക്കലം ആലപിച്ച ദേശീയ ഗാനത്തോടെ പൊതുസമ്മേളനം തുടങ്ങി. ജോജോ തോമസ് രചിച്ച് അര്‍ജുനന്‍ മാസ്റര്‍ ഈണം നല്‍കിയ സംഘഗാനം ഷെര്‍ലി സെബാസ്റ്യന്‍, ജോജോ തോമസ് സംഘം ആലപിച്ചു അവാര്‍ഡ് ദാനത്തിന് തുടക്കം കുറിച്ചു. ജീവന്‍ തോമസ്, ജ്യോതി തോമസ് എംസിയായിരുന്നു. ഡോ. അശോക് കുമാര്‍ സദസിനെ സ്വാഗതം ചെയ്തു.

മഞ്ജു തോമസിന്റെ ജീവധാര സ്കൂള്‍ ഓഫ് ഡാന്‍സ്, സാവിത്രി - രാമാനന്ദ് നേതൃത്വം നല്‍കിയ മുക്താബര്‍ ഫൈന്‍ ആര്‍ട്സ് എന്നിവയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തം, ജോതി തോമസ് രൂപം നല്‍കി അവതരിപ്പിച്ച സംഘ നൃത്തം, സുമതി ഹരന്റെ നേതൃത്വത്തില്‍ ശ്രീവിദ്യാലയ സ്കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിച്ച സംഗീത കച്ചേരി എന്നിവ അരങ്ങേറി.

സരസ്വതി അവാര്‍ഡിനുപരി രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികള്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിച്ചു. പങ്കെടുത്ത മറ്റ് കുട്ടികള്‍ക്ക് പാര്‍ട്ടിസിപ്പന്റ് ട്രോഫി നല്‍കി. അവാര്‍ഡ് ദാന ചടങ്ങില്‍ ട്രൈസ്റേറ്റ് പ്രദേശത്തെ വിവിധ നൃത്ത,സംഗീത സ്കൂള്‍ അധ്യാപകരെ പൊന്നാട നല്‍കി ആദരിച്ചു.

17 ാ മത് സരസ്വതി അവാര്‍ഡിന്റെ മറ്റ് സംഘാടകര്‍ മാത്യു സിറിയക്ക്, ഡോ. അശോക് കുമാര്‍, ബി. അരവിന്ദാക്ഷന്‍, സെബാസ്റ്യന്‍ തോമസ്, മറിയ ഉണ്ണി എന്നിവരാണ്.

വിവിധ മാതൃഭാഷക്കാരായ കുട്ടികളുടെ മത്സരവേദിയില്‍ സംഗീതവും നൃത്തവും ഭാഷക്കതീതമായ കൂട്ടായ്മ പ്രകടമാക്കി.