ഇന്ത്യയില്‍ എത്തുന്ന വിദേശിയെ തൊട്ടാല്‍ ക്രിമിനല്‍ കുറ്റമാകും
Friday, November 28, 2014 10:00 AM IST
ഫ്രാങ്ക്ഫര്‍ട്ട്: വിനോദ സഞ്ചാരത്തിനോ, ബിസിനസ് ആവശ്യങ്ങള്‍ക്കായോ ഇന്ത്യയില്‍ എത്തുന്ന വിദേശികളെ അനുവാദം ഇല്ലാതെ സ്പര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു.

ഈ നിയമനിര്‍മാണം ആഭ്യന്തരമന്ത്രാലയവുമായി ആശയ വിനിമയം നടത്തി പരിഗണനയില്‍ ആണ്. വിദേശ വിനോദസഞ്ചാരികള്‍ അപമാനിക്കപ്പെടുന്ന വാര്‍ത്തകള്‍ പല പ്രാവശ്യം യൂറോപ്പില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് ഈ നിയമനിര്‍മാണ നടപടി നടത്തുന്നത്. താജ്മഹലില്‍ മാത്രം വിദേശികളുടെ വരവില്‍ ഒരു വര്‍ഷം കൊണ്ട് 10 ശതമാനം കുറവുണ്ടായി. ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പുകളായും സഞ്ചരിക്കുന്ന വനിതകളാണ് ഇന്ത്യയില്‍ കൂടുതലും അപമാനത്തിനും ആക്രമണത്തിനും ഇരയാകുന്നത്.

നിരവധി വിദേശികള്‍ ഇന്ത്യാക്കാരുടെ പെരുമാറ്റത്തിന് എതിരേ ടൂറിസം മന്ത്രാലയത്തിനും വിദേശത്തുള്ള ഇന്ത്യന്‍ ടൂറിസ്റ് ഓഫീസുകളിലും പരാതി നല്‍കിയിരുന്നു. വിദേശ ടൂറിസ്റുകള്‍ക്ക് വീസാ ഓണ്‍ അറൈവല്‍ ഇന്നലെ മുതല്‍ നടപ്പാക്കിയതിനുശേഷം ഉടന്‍ തന്നെ വിദേശികളെ അപമാനത്തില്‍ നിന്നും ആക്രമണത്തില്‍ നിന്നും രക്ഷിക്കാനുള്ള ഇന്ത്യയുടെ നിയമനിര്‍മാണ നടപടികളെ യൂറോപ്യന്‍ മാധ്യമങ്ങള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍