രാഹുല്‍ വിലക്കി; ബോര്‍ഡ്,കോര്‍പ. ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എംഎല്‍എമാര്‍ വേണ്ട
Friday, November 28, 2014 8:49 AM IST
ബംഗളൂരു: പതിനെട്ടു മാസത്തെ കാത്തിരിപ്പിനു ശേഷം കര്‍ണാടക ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കുമുള്ള ചെയര്‍പേഴ്സണ്‍മാരെ നിയമിക്കാനിരിക്കേ, എംഎല്‍എമാര്‍ക്ക് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിലക്ക്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ എംഎല്‍എമാരെയും 2013 ലെ തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ഉള്‍പ്പെടുത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം രാഹുല്‍ തള്ളി.

ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ജി. പരമേശ്വരയും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെയും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിഗ്വിജയ് സിംഗിനെയും നേരിട്ടു കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, എംഎല്‍എമാര്‍ക്ക് അവരവരുടെ മണ്ഡലം നോക്കേണ്ട ചുമതലയാണ് പ്രധാനമെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനില്ക്കുകയാണുണ്ടായത്. എംഎല്‍എമാരില്‍ നിന്നും പാര്‍ട്ടി ഏറെ പ്രതീക്ഷിക്കുന്നുണ്െടന്നും രാഹുല്‍ അറിയിച്ചു.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വെള്ളിയാഴ്ചയാണ് നേതാക്കളുടെ പട്ടിക ഹൈക്കമാന്‍ഡിന് അയച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം ജമ്മു-കാഷ്മീരില്‍ മടങ്ങിയെത്തുന്ന പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അന്തിമപട്ടികയ്ക്ക് അംഗീകാരം നല്കിയ ശേഷം നേതാക്കളുടെ പേരുകള്‍ പാര്‍ട്ടി പുറത്തുവിടുമെന്നാണ് സൂചന.