നൃത്ത സംഗീതാധ്യാപകരെ സരസ്വതി അവാര്‍ഡില്‍ ആദരിച്ചു
Friday, November 28, 2014 8:44 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഇന്ത്യന്‍ നൃത്ത-സംഗീതകലകളുടെ പരിശീലനത്തിനും പ്രചാരണത്തിനും അഭനന്ദനീയമായ പങ്കുവഹിച്ചുവരുന്ന അധ്യാപകരെ ന്യൂയോര്‍ക്കില്‍ നടന്ന പതിനേഴാമത് സരസ്വതി അവാര്‍ഡില്‍ ആദരിച്ചു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് സ്റേറ്റുകളില്‍നിന്നുള്ള അധ്യാപകരായ സാവിത്രി രാമാനന്ദ്, സത്യ പ്രദീപ്, സുലേഖ കാര്‍ത്തികേയന്‍, സുമതി ഹരന്‍, ഉഷ ബാലചന്ദ്രന്‍, ഗീത മോഹന്‍, ജോര്‍ജ് ദേവസ്യ പുത്തൂര്‍ എന്നിവരെയാണ് ആദരിച്ചത്.

ബെല്‍റോസിലെ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സരസ്വതി അവാര്‍ഡ് സംഘാടകരായ ജോജോ തോമസ്, മഞ്ജു തോമസ് എന്നിവര്‍ ചേര്‍ന്ന് നൃത്ത-സംഗീത അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

നിലമ്പൂര്‍ കാര്‍ത്തികേയനെ പ്രതിനിധീകരിച്ച് ധനീഷ് കാര്‍ത്തികേയന്‍ സന്നിഹിതനായ. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹെഡ് ഓഫ് ചാന്‍സലറി ലിവാംഗ് കോം നയിതെ മുഖ്യാതിഥിയായിരുന്നു. ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ടാജ് മാത്യു, സി.എന്‍എന്‍ ന്യൂസ് എഡിറ്റര്‍ സോവി ആഴത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ബി. അരവിന്ദാക്ഷന്‍