മാവോയിസ്റ്റ് സാന്നിധ്യം : അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
Thursday, November 27, 2014 10:10 AM IST
മൈസൂരു: മാവോയിസ്റ്റ് സാന്നിധ്യം തെളിഞ്ഞതിനെത്തുടര്‍ന്ന് മൈസൂരുവിലെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കേരള പോലീസിന്റെ മാവോയിസ്റ്റ് വേട്ടയെത്തുടര്‍ന്ന് നാലോളം വരുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘം അതിര്‍ത്തിയിലെ എച്ച്ഡി കോട്ടെയിലുള്ള വനമേഖലയില്‍ കടന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൈസൂരുവില്‍ നിന്നുള്ള ഇരുപതംഗ പ്രത്യേക കമാന്‍ഡോ സംഘം പോലീസിന്റെ സഹായത്തോടെ പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്.

അതിര്‍ത്തിയിലെ ബാവള്ളി ചെക്പോസ്റ്റിലെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ വനത്തിലെ ഗോത്രവാസികളുടെ അടുത്ത് അഭയം തേടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇതേത്തുടര്‍ന്ന് വനത്തിനടുത്തുള്ള ബാവള്ളി, ഡിബി കുപ്പെ, മാച്ചൂര്‍, കദെഗഡ്ഡെ മേഖലകളിലും മറ്റു ഗോത്ര മേഖലകളിലും നിരീക്ഷണം നടത്തുന്നുണ്ട്.

ബാവള്ളി ചെക്പോസ്റ്റില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള തിരുനെല്ലിയിലെ സ്വകാര്യ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ ആക്രമിച്ചിരുന്നു. റിസോര്‍ട്ട് കൊള്ളയടിച്ച ശേഷം ലഘുലേഖകള്‍ പതിപ്പിച്ചാണ് അവര്‍ മടങ്ങിയത്. സിപിഐ(മാവോയിസ്റ്റ്)യുടെ പത്താം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള ക്ഷണം അറിയിച്ചാണ് ലഘുലേഖകള്‍. ഇതേത്തുടര്‍ന്ന് കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘം വയനാട്ടിലെ വനമേഖലകളില്‍ തെരച്ചില്‍ ശക്തമാക്കിയതോടെയാണ് മാവോയിസ്റ്റുകള്‍ കര്‍ണാടക അതിര്‍ത്തിയെ ലക്ഷ്യമിട്ടത്. കേരള പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് കര്‍ണാടക പോലീസ് തെരച്ചില്‍ നടത്തുന്നത്.