ഡേവിസ് കല്ലൂക്കാരന് അന്താരാഷ്ട്ര ബഹുമതി
Thursday, November 27, 2014 7:39 AM IST
മസ്കറ്റ്: 120 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, ആഗോള അക്കൌണ്ടിംഗ് ശൃംഖലയിലെ മുന്‍നിരക്കാരായ ക്രോവേ ഹൊറാത്തിന്റെ ലോകപ്രശസ്തമായ പിനക്കിള്‍ അവാര്‍ഡിനു തൃശൂര്‍ സ്വദേശിയായ ഡേവിസ് കല്ലൂക്കാരന്‍ അര്‍ഹനായി. പാരീസില്‍ നടന്ന ചടങ്ങില്‍ ക്രോവേ ഹൊറാത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെവിന്‍ മക്ഗ്രാത്ത് ഡേവിസ് കല്ലൂക്കാരന് അവാര്‍ഡ് സമ്മാനിച്ചു.

ക്രോവേ ഹൊറാത്തിന്റെ സഹസ്ഥാപനമായ, ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കൌണ്ടിംഗ്, ഓഡിറ്റിംഗ് കമ്പനി ഹൊറാത്ത് മാക്ഗസാലി എല്‍എല്‍സിയുടെ സ്ഥാപക, മാനേജിംഗ് പാര്‍ട്ണറാണ് ഡേവിസ്. ഒമാനുപുറമേ യുഎഇ, അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലും ഇന്ത്യയിലും ഹൊറാത്ത് മാക്ഗസാലിക്ക് ഓഫീസുകളുണ്ട്.

പശ്ചിമേഷ്യ - ആഫ്രിക്കന്‍ മേഖലയില്‍നിന്ന് ആദ്യമായാണ് ഒരു സ്ഥാപനം ആഗോളപ്രശസ്തമായ പിനക്കിള്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും ഓരോ സ്ഥാപനങ്ങളാണ് ഡേവിസിനൊപ്പം ഈവര്‍ഷം അവാര്‍ഡിന് അര്‍ഹരായത്. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് അസോസിയേഷന്‍ തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡേവിസ് കല്ലൂക്കാരനെ ആദരിച്ചു.