'സമര്‍പ്പണ്‍' ബുധന്‍ രാവിലെ 11 ന് കോഴിക്കോട് ലളിതകലാ അക്കാഡമി ഗാലറിയില്‍ നടക്കും
Wednesday, November 26, 2014 7:42 AM IST
കുവൈറ്റ്: എഴുത്തുകാരനായ പിതാവിന്റെ 24 -ാമത് ചരമവര്‍ഷികത്തില്‍ ചിത്രകാരനായ മകന്റെ ചിത്രോപഹാരം. പ്രശസ്തനോവലിസ്റും പത്രപ്രവര്‍ത്തകനും സ്പോര്‍ട്സ് കമന്റേറ്ററുമായിരുന്ന പി.എ.മുഹമ്മദ് കോയയുടെ ഇരുപത്തി അഞ്ചാമത് ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മകനും ചിത്രകാരനും ശില്‍പ്പിയുമായ ഷഫീഖ് പുനത്തില്‍ രചിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 'സമര്‍പ്പണ്‍' ബുധന്‍ രാവിലെ 11 ന് കോഴിക്കോട് ലളിതകലാ അക്കാഡമി ഗാലറിയില്‍ നടക്കും.

പി.ഇ മുഹമ്മദ് കോയയുടെ മകള്‍ ഷമീമ മജീദ് ഉദ്ഘാടനം നിര്‍വഹിക്കും. യു.ഇ ഖാദര്‍, പോള്‍ കല്ലാനോട്, ആര്‍ട്ടിസ്റ് സെബാസ്റ്യന്‍, ജ്യോതിലല്‍, രാജന്‍ കടലുണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും.

ഡിസംബര്‍ ഒന്നു വരെ രാവിലെ പതിനൊന്നു മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. പി.എ മുഹമ്മദ് കോയയുടെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങളുടെ ആവിഷ്കാരമാണ് ഷഫീഖിന്റെ ചിത്രങ്ങള്‍. സുല്‍ത്താന്‍ വീട്, സുറുമയിട്ട കണ്ണുകള്‍, ഗോള്‍ തുടങ്ങിയ നോവലുകളും നൂറുകണക്കിന് ചെറുകഥകളും സ്പോര്ട്സ് ലേഖനങ്ങളും പി.എ മുഹമ്മദ് കോയ എഴുതിയിട്ടുണ്ട്.

ബംഗളൂരുവില്‍ സ്ഥിര താമസക്കാരനായ ഷഫീഖ് പുനത്തില്‍ ടെറാകോട്ട, മ്യൂറല്‍ ശില്‍പ്പ രചനയിലും ചിത്ര രചനയിലും മികവു തെലിയിച്ചിട്ടുണ്ട്. സംസ്ഥാന ദേശീയ തലത്തില്‍ വിവിധ മത്സരങ്ങളിലും വര്‍ക്ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷഫീഖ് : 09845181577

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍