'ആത്മദലങ്ങള്‍' സംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങുന്നു
Wednesday, November 26, 2014 6:36 AM IST
ന്യൂയോര്‍ക്ക്: നിഷ്കളങ്കവും കരുണാര്‍ദ്രവും നിരഹങ്കാരവുമായ ഭക്തമാനസത്തില്‍ വിടര്‍ന്നു വികസിച്ച്, ആത്മീയവിശുദ്ധിയുടെ ഗാനസൌരഭ്യമായി നമ്മുടെ മനസിലേക്ക് ഒഴുകിയെത്തുന്ന പത്ത് ഗാനസുമങ്ങളുടെ പവിത്രസമാഹാരമാണ് കുന്നപ്പള്ളില്‍ രാജഗോപാല്‍ (ന്യൂയോര്‍ക്ക്) രചിച്ച് സുപ്രസിദ്ധ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീത സംവിധാനം നിര്‍വഹിച്ച ആല്‍ബമാണ് 'ആത്മദലങ്ങള്‍.'

സംഘര്‍ഷ ഭരിതവും വിഹ്വലവുമായ ചിന്തകള്‍ വേട്ടയാടുന്ന ഹിംസയുടെയും തിന്മയുടെതുമായ ഈ കലിയുഗത്തില്‍ ഈശ്വരചിന്തയില്‍ ജീവിതം സമര്‍പ്പിച്ച് ഈശ്വര സാമീപ്യത്തിനായി, മാനസശാന്തിക്കായി മനമുരുകി പ്രാര്‍ത്ഥിക്കുന്ന ഉപാസകന്റെ ഹൃദയവിശുദ്ധിയും ലാളിത്യവും ആര്‍ജവത്വമുള്ള വരികള്‍ക്ക് അതുല്യ സംഗീത പ്രതിഭയായ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് അത്യന്തം ഹൃദയഹാരിയായ സംഗീതം പകര്‍ന്നിരിക്കുന്നു. ഭക്ത ഹൃദയത്തിലെ നിര്‍വികല്പമായ ഈശ്വരവിശ്വാസത്തിന്‍റെ എളിമയുള്ള ഗാന നിര്‍ഝരിയാണിത്. ശ്രോതാവിനെ ആത്മീയനിര്‍വൃതിയിലേക്ക് ആനയിക്കുന്നതാണ് ഇതിലെ ഓരോ ഗാനവും.

സുധീപ് കുമാര്‍ (ജയ ജയ ഗണേശാ രാഗം നാട്ട) അരുന്ധതി (അഖിലര്‍ക്കും രാഗം ആഭേരി), രവി ശങ്കര്‍ (എന്‍ മനസ്സില്‍ ജ്യോതി വിതറി ഹരി കാംബോജി). കാഞ്ചന ശ്രീറാം (നീ വരൂ കണ്ണാ രാഗം ശുദ്ധസാവേരി+ ആഭേരി മിക്സ്), വിധു പ്രതാപ് (അല്ലലകറ്റുന്ന ശബരീശാ രാഗം കല്യാണി) ജി ശ്രീറാം (വേലേന്തി വരുമെന്റെ വേല്‍മുരുകാ രാഗം ഷണ്മുഖപ്രിയ സരികാ രാജീവ് (അമ്മേ മൂകാംബികേ രാഗം ഹിന്ദോളം), കല്ലറ ഗോപന്‍ (മംഗളദായ മഹേശ്വര രാഗം രേവതി) സുജാത (ചക്കുളത്തമ്മേ രാഗം ഗൌരീ മനോഹരി), ജി. വേണുഗോപാല്‍ (ശരണമേകണേ ശബരി ഗിരീശാ രാഗം മദ്ധ്യമാവതി) എന്നീ പ്രശസ്ത ഗായകര്‍ കര്‍ണ്ണമധുരമായി ആലപിച്ചിരിക്കുന്നു. ഈ ആല്‍ബം ഉടനെ പുറത്തിറങ്ങുന്നതാണ് . സ്റുഡിയോ ഓംകാര്‍, പൂജപ്പുര തിരുവനന്തപുരം.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍