സനാതനമൂല്യങ്ങളെ തിരിച്ചു കൊണ്ടുവരണം: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
Monday, November 24, 2014 8:27 AM IST
ന്യൂയോര്‍ക്ക്: ലോകത്തിന്റെ നിലനില്‍പ്പിനുവേണ്ടി നമ്മുടെ രാജ്യത്തിന്റെ സനാതനമൂല്യങ്ങളെ തിരിച്ചുകൊണ്ടുവരണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ന്യൂയോര്‍ക്കില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ ഹൈന്ദവസമൂഹം ഏകീകരിക്കേണ്ടത് അനിവാര്യമാണ്. ജാതിയുടെ പേരിലുള്ള സമവാക്യങ്ങള്‍ മതത്തെ ഇല്ലാതാക്കും. ജാതീയതയ്ക്കപ്പുറമുള്ള സംസ്കാരമാണ് ഹിന്ദുമതത്തിന്റെ കാതല്‍. ആര്‍ഷ ഭാരതത്തിന്റെ സനാതന മൂല്യങ്ങള്‍ക്ക് പാശ്ചാത്യലോകത്ത് ഏറെ പ്രസക്തിയുണ്ട്. കുടുംബജീവിതത്തിന്റെ കെട്ടുറപ്പുകള്‍ക്കാണ് ഭാരതസംസ്കാരം എന്നും വില കല്‍പ്പിച്ചിട്ടുള്ളത്. ആധുനിക തലമുറ അത് മറക്കരുതെന്നും സ്വാമി പറഞ്ഞു. ഭാരതീയദര്‍ശനത്തെ കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

സമ്മേളനത്തില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍.നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗണേഷ് നായര്‍, ശശിധരന്‍ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, വിനോദ് കെ.ആര്‍.കെ., വാസുദേവ് പുളിക്കല്‍, ജയപ്രകാശ് നായര്‍, രാജഗോപാല്‍ കുന്നപ്പള്ളി, മഹാദേവന്‍ ബി നായര്‍, റെനില്‍ രാധാകൃഷ്ണന്‍, കൃഷാ രാജ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2015 ജൂലൈ രണ്ടു മുതല്‍ ആറു വരെ നടക്കുന്ന ആഗോള ഹൈന്ദവ കണ്‍വന്‍ഷനുമുന്നോടിയായി സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ നടന്നു. ഖാനസമ്മേളനത്തിന് പുറമെ ന്യൂയോര്‍ക്കില്‍ നടക്കുന്ന വിവിധ പരിപാടികളിലും സ്വാമി പങ്കെടുക്കും. നവംബര്‍ 21 ന് ന്യൂയോര്‍ക്കില്‍ എത്തിയ സ്വാമി 26ന് തിരിക്കും.