'വോട്ടേഴ്സ് ലിസ്റില്‍ പേര് ചേര്‍ക്കല്‍: നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം'
Monday, November 24, 2014 7:06 AM IST
ദമാം: പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാക്കണമെന്നത് ഏറെക്കാലമായി പ്രവാസി സമൂഹം ആവശ്യപ്പെടുന്ന കാര്യമാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കാര്യത്തില്‍ എടുത്ത നിലപാട്, പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിന് സഹായകരവുമായിരുന്നു.

വോട്ടേഴ്സ് ലിസ്റില്‍ പേര് ചേര്‍ക്കുന്നതിന് ഇന്റര്‍നെറ്റ് വഴി സാധ്യമാണെന്ന് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും യഥാര്‍ഥ വസ്തുത ഇതൊന്നുമല്ലെന്നതാണ് വാസ്തവം. ഇലക്ഷന്‍ കമ്മീഷന്റെ നിശ്ചിത സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റര്‍ ചെയ്തതു കൊണ്ടു മാത്രം വോട്ടവകാശം ലഭിക്കില്ല.

സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം അപേക്ഷ അതത് താലൂക്ക് ഓഫീസുകളിലേക്ക് എത്തിക്കുകയും പിന്നീട് നടക്കുന്ന വിശദമായ പരിശോധനകള്‍ക്ക് ഒടുവില്‍ മാത്രമെ പ്രവാസിക്ക് വോട്ടവകാശം ലഭ്യമാക്കുകയുള്ളു. മാത്രവുമല്ല, ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി നവംബര്‍ 25ഉം ആണെന്നിരിക്കെ, ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വലിയ ശതമാനത്തിന് ഈ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. ഫലത്തില്‍ മഹാഭൂരിപക്ഷം വരുന്ന പ്രവാസികള്‍ക്ക് ഇവിടെ നിന്നുകൊണ്ട് ഈയടുത്ത കാലത്തൊന്നും വോട്ട് ചെയ്യാന്‍ കഴിയില്ല.

നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി, നടപടിക്രമങ്ങള്‍ ലഘൂകരിച്ച് മുഴുവന്‍ പ്രവാസികള്‍ക്കും വോട്ടേഴ്സ് ലിസ്റില്‍ പേര് രജിസ്റര്‍ ചെയ്യാനും അതുവഴി വോട്ടവകാശം സാധ്യമാക്കാനുമുള്ള നടപടികള്‍ സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം